ഹാര്‍ദിക് പട്ടേല്‍ ഇന്ന് ബി.ജെ.പിയില്‍ ചേരും; പടിയിറക്കം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ്

ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ ഇന്ന് ബി.ജെ.പിയില്‍ ചേരും. ഗുജറാത്ത് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പി അംഗത്വം സ്വീകരിക്കുക.

നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധരാണെന്നും ഗുജറാത്തിന്റെ വികസന വിരോധികളാണെന്നും വിശേഷിപ്പിച്ചായിരുന്നു ഹാര്‍ദിക് പട്ടേലിന്റെ പടിയിറക്കം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഹാര്‍ദിക് പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്.

പാട്ടീദാര്‍ സംവരണത്തിന്റെ പേരില്‍ പാര്‍ട്ടിക്ക് ഭീഷണി സൃഷ്ടിച്ച ഹാര്‍ദികിന് അംഗത്വം നല്‍കുന്നതില്‍ ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്.

എന്നാല്‍ പ്രാദേശിക എതിര്‍പ്പുകളെ അവഗണിക്കാനും ഹാര്‍ദിക് പട്ടേലിന് അംഗത്വം നല്‍കാനുമാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിക്കുന്ന കാര്യം ഹാര്‍ദിക് പട്ടേല്‍ സ്ഥിരീകരിച്ചത്. ബി.ജെ.പി പ്രവേശനത്തിന്റെ മുന്നോടിയായി ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് ഉള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളെ ഹാര്‍ദിക് പട്ടേല്‍ പുകഴ്ത്തിയിരുന്നു.

ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേലിന് അംഗത്വം നല്‍കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍, മറ്റ് മന്ത്രിമാര്‍ ഉന്നത നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

 

Exit mobile version