പാലാ: സ്നേഹം പകുത്തു നൽകിയ ആ കോട്ടയംകാരന്റെ കാരുണ്യം മൂന്നു പേർക്ക് മംഗല്യഭാഗ്യമായി. മീനച്ചിൽ കൊണ്ടൂപ്പറമ്പിൽ പി.കെ.അനിൽകുമാറും ഷീജയുമാണ് ഏക മകൾ പാർവതിയുടെ വിവാഹത്തിനൊപ്പം മറ്റു 3 പെൺകുട്ടികളുടെ വിവാഹം കൂടി അതേ പന്തലിൽ നടത്തിയത്.
ഇന്നലെ ചേർപ്പുങ്കലിലെ ഓഡിറ്റോറിയത്തിൽ പാർവതിയുടെ കഴുത്തിൽ വൈക്കം സ്വദേശി കൃഷ്ണമോഹൻ താലി ചാർത്തിയപ്പോൾ 3 യുവതികൾ കൂടി അതേ മുഹൂർത്തത്തിൽ ആ പന്തലിൽ മംഗല്യവതികളായി.സ്വന്തം മകളെയും വരനെയും അനുഗ്രഹിച്ച നിറഞ്ഞ മനസ്സോടെ തന്നെ അനിൽകുമാറും ഷീജയും മറ്റു 3 യുവതികളെയും അവരുടെ വരന്മാരെയും ചേർത്തുപിടിച്ച് ആശിസ്സുകൾ നേർന്നു.
മകളുടെ വിവാഹത്തിനൊപ്പം ഒരു യുവതിക്ക് എങ്കിലും മംഗല്യഭാഗ്യം ഒരുക്കണം എന്നായിരുന്നു അനിൽകുമാറിന്റെയും ഷീജയുടെയും തീരുമാനം. എന്നാൽ 3 പെൺകുട്ടികൾക്കു കൂടി മംഗല്യമാല്യം എടുത്തുനൽകാൻ ഈശ്വരൻ അവസരമൊരുക്കി എന്നതിൽ സന്തോഷിക്കുകയാണ് ഈ ദമ്പതികൾ.