മുഖ്യമന്ത്രി എത്തിയിട്ടും ജയിക്കില്ലെന്ന് മനസിലാക്കി സിപിഐഎം കള്ളവോട്ട് ചെയ്തു; പോളിംഗ് കുറഞ്ഞതില്‍ ആശങ്കയില്ല, വിജയം ഉറപ്പെന്ന് ഉമ തോമസ്

തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പോളിംഗ് കുറഞ്ഞതില്‍ ആശങ്കയില്ല. കള്ളവോട്ട് നടന്നെങ്കിലും യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല. കൂടാതെ പോളിംഗ് കുറഞ്ഞത് യുഡിഎഫ് വിജയത്തെ ബാധിക്കില്ലെന്ന് ഉമ തോമസ് പ്രതികരിച്ചു. മുഖ്യമന്ത്രി എത്തിയിട്ടും ജയിക്കില്ലെന്ന് മനസിലാക്കിയാണ് സിപിഐഎം കള്ളവോട്ട് ചെയ്തതെന്നും ഉമ തോമസ് പറഞ്ഞു.

സര്‍ക്കാരിന്റെ സഹായത്തോടെയാണ് കള്ളവോട്ട് നടന്നതെന്നും ഉമ തോമസ് പറഞ്ഞു. എന്നാല്‍ തൃക്കാക്കരയില്‍ ബിജെപി കരുത്ത് കാട്ടുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ അവകാശവാദം. ആര് ജയിച്ചാലും ചെറിയ ഭൂരിപക്ഷം ആയിരിക്കും. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ട് ബിജെപിക്ക് കിട്ടിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

പോളിംഗ് ശതമാനം കുറഞ്ഞത് തൃക്കാക്കരയിലെ വിജയത്തെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ ജോ ജോസഫ്. പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി വോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അട്ടിമറി വിജയമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.

പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. കോര്‍പ്പറേഷന്‍ മേഖലയിലാണ് പോളിങ് കുറഞ്ഞതെന്നും അത് ബാധിക്കില്ലെന്നും ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു.

 

Exit mobile version