പോസിറ്റിവ് പൊളിറ്റിക്‌സിന് ജനം വോട്ട് ചെയ്യും, ഇടതു മുന്നണി സെഞ്ച്വറിയടിക്കും, തൃക്കാക്കരയില്‍ കോട്ടകള്‍ തകരും; ആത്മവിശ്വാസത്തോടെ ജോ ജോസഫ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. കോട്ട നിലനിര്‍ത്തുമെന്ന് യുഡിഎഫ് ആവര്‍ത്തിക്കുമ്പോള്‍ അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പോളിംഗ് ദിനത്തില്‍ പങ്കുവെക്കുന്നത്. നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്നും പോസിറ്റിവ് പൊളിക്ടിസിന് തൃക്കാക്കര വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ജോ. ജോ ജോസഫ് വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ഘട്ടത്തില്‍ തന്നെ ആത്മ വിശ്വാസമുണ്ടായിരുന്നു. ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തിയത്. അവസാന ഘട്ടത്തിലേക്കെത്തിയപ്പോള്‍ ആത്മ വിശ്വാസം കൂടി. ഇത്തവണ തൃക്കാക്കരയില്‍ വിജയിച്ച് കയറി ഇടതുമുന്നണി സെഞ്ച്വറിയടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോളിംഗ് ശതമാനം കൂടുന്നത് ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോട്ടകള്‍ പൊളിഞ്ഞു വീഴും. തൃക്കാക്കരയിലും അതിത്തവണ നടക്കും. കേരളത്തിന്റെ വികസന കുതിപ്പിനൊപ്പം തൃക്കാക്കരയുമെത്തണമെന്നാണ് ജനങ്ങളാഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം രാഷ്ട്രീയ ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃക്കാക്കരയില്‍ മോക് പോളിംഗ് പൂര്‍ത്തിയാക്കി ഏഴ് മണിയോടെ തന്നെ പോളിംഗ് ആരംഭിച്ചു. പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കുകയാണ് മുന്നണികള്‍. രാവിലെ തന്നെ വലിയ തിരക്കാണ് ബൂത്തുകളില്‍ ദൃശ്യമായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും രാവിലെ തന്നെ പോളിംഗ് ബൂത്തിലേക്കെത്തി വോട്ട് രേഖപ്പെടുത്തി.

വൈകിട്ട് 6 മണിവരെയാണ് പോളിംഗ്. 239 ബൂത്തുകളാണ് തൃക്കാക്കരയില്‍ സജീകരിച്ചിട്ടുള്ളത്. ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടര്‍മാരാണ് മണ്ഡലത്തിലാകെയുള്ളത്. ഇതില്‍ മൂവായിരത്തി അറുനൂറ്റി മുപ്പത്തി മൂന്ന് പേര്‍ കന്നി വോട്ടര്‍മാരാണ്. നഗര മണ്ഡലമായ തൃക്കാക്കരയില്‍ പ്രശ്‌ന സാധ്യതാ, പ്രശ്‌ന ബാധിത ബൂത്തുകള്‍ ഇല്ല. കള്ളവോട്ട് തടയാന്‍ കര്‍ശന നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്.

 

Exit mobile version