മദ്യം വാങ്ങുന്നവർക്ക് മുട്ട ഫ്രീ;  മദ്യപിക്കാൻ വീട്ടിൽ തന്നെ സംവിധാനം;  വള്ളികുന്നത്ത് ശോഭന നടത്തിയിരുന്നത് സൂപ്പർ മദ്യ കച്ചവടം

ആലപ്പുഴ: വള്ളികുന്നത്ത് ശോഭന നടത്തിയിരുന്നത് സ്റ്റാർ ബാറുകളെ വെല്ലുന്ന മദ്യ കച്ചവടം. മദ്യം വാങ്ങിയ ശേഷം ചെറു കുപ്പികളിലാക്കി വിറ്റിരുന്ന ഇവർ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനും കുടിയന്മാർക്ക് സൗകര്യം ഒരുക്കിയിരുന്നു. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഇ.ആർ. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ വള്ളികുന്നം പള്ളിക്കുറ്റി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വള്ളികുന്നം സ്വദേശി ശോഭന പിടിയിലായത്.

മദ്യം ചെറിയ കുപ്പികളിലാക്കി 100 രൂപ നിരക്കിലാണ് ഇവർ വിറ്റിരുന്നത്. വീട്ടിലിരുന്ന് കഴിക്കുന്നതിനും ഇവർ സൗകര്യം ഒരുക്കിയിരുന്നു. മദ്യം കഴിക്കുന്നവർക്ക് മുട്ട സൗജന്യം എന്ന വാഗ്ദാനം നൽകിയാണ് ശോഭന കച്ചവടം നടത്തിവന്നത്. പൊലീസിന്റെയും മറ്റും ശല്യമില്ലാതെ സ്വസ്ഥമായിരുന്ന് വെള്ളമടിക്കാം എന്നത് കുടിയന്മാർക്കും ശോഭനയുടെ ‘ബാർ’ ഇഷ്ട താവളമായി മാറ്റിയിരുന്നു. ബിവറേജസ് കോർപ്പറേഷനിൽ നിന്നും മദ്യം വാങ്ങിപ്പിച്ച് റീട്ടെയ്ൽ വ്യാപാരമാണ് ഇവർ നടത്തിയിരുന്നത്.

വ്യക്തമായ പ്ലാനിംഗോടെയായിരുന്നു ശോഭന തന്റെ ബാർ നടത്തിയിരുന്നത്. മദ്യം വാങ്ങിക്കൊണ്ട് വരുന്നതിനും എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധനക്ക് വരുന്നുണ്ടോ എന്നറിയാനും പല സ്ഥലങ്ങളിലും ശോഭന കൂലിക്ക് ആളെ നിർത്തിയിരുന്നു. പ്രദേശത്ത എവിയെടെങ്കിലും എക്‌സൈസ് സംഘം എത്തിയാലുടൻ ആ വിവരം ശോഭന അറിയും. ഇതോടെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള മദ്യം സുരക്ഷിതമായ ഇടത്തേക്ക മറ്റും. ഇത്തരത്തിൽ എക്‌സൈസിന് യാതൊരു സംശയവും നൽകാതെയാണ് ഇവർ മദ്യവിൽപ്പന നടത്തിയിരുന്നത്.

ഒരു മാസമായി ഇവരുടെ വീടും പരിസരവും എക്‌സൈസ് ഷാഡോ ടീമിന്റെ കർശന നിരീക്ഷണത്തിൽ ആയിരുന്നു. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഷുക്കൂർ, സന്തോഷ്‌കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ അനു ,രാജീവ്, ശ്യാം എന്നിവരും പങ്കെടുത്തു.

Exit mobile version