ആധാര്‍ വിവരങ്ങള്‍ പങ്കുവെക്കരുതെന്ന നിര്‍ദേശം പിന്‍വലിച്ച് കേന്ദ്രം; മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് വിശദീകരണം

ആധാര്‍ വിവരങ്ങള്‍ പങ്കുവെക്കരുതെന്ന നിര്‍ദേശം പിന്‍വലിച്ച് കേന്ദ്രം. ആധാറിന്റെ ദുരുപയോഗം തടയാനായി വിവിധ ആവശ്യങ്ങള്‍ക്ക് കൈമാറ്റം ചെയ്യുമ്പോള്‍ മാസ്‌ക് ചെയ്ത കോപ്പി മാത്രമേ നല്‍കാവൂയെന്നും കേന്ദ്രം നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം.

ഇതോടെ ബംഗളൂരുവിലെ മേഖല കേന്ദ്രം പുറത്തിറക്കിയ നിര്‍ദ്ദേശം റദ്ദു ചെയ്തു. ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിര്‍ദേശം നല്‍കിയത്. സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് കുറ്റകരമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ഇതനുസരിച്ച് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് യൂസര്‍ ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ ആധാര്‍ ഉപയോഗിക്കാന്‍ കഴിയൂ. വ്യക്തികള്‍ അവരുടെ ആധാര്‍ കാര്‍ഡുകള്‍ പങ്കിടുന്നതിന് മുമ്പ് സ്ഥാപനത്തിന് യു.ഐ.ഡി.എ.ഐയില്‍ നിന്നുള്ള ഉപയോക്തൃ ലൈസന്‍സ് ഉണ്ടെന്ന് പരിശോധിക്കാനും കേന്ദ്രം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.

ഹോട്ടലുകളും സിനിമാ തിയറ്ററുകളുമടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ ശേഖരിക്കാനോ കൈവശം വെക്കാനോ അധികാരമില്ലെന്നും ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി പങ്കുവെക്കേണ്ട സാഹചര്യം വരുമ്പോള്‍ മാസ്‌ക് ചെയ്ത കോപ്പി മാത്രമേ നല്‍കാനൂ എന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ആധാറിന്റെ ഫോട്ടോ കോപ്പി നല്‍കുന്നതിന് പകരം ആധാര്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന മാസ്‌ക് ആധാര്‍ ഉപയോഗിക്കാനാണ് കേന്ദ്രം നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം.

 

Exit mobile version