100% ആത്മവിശ്വാസം; തൃക്കാക്കരയില്‍ ഉജ്വല വിജയം നേടാനാകുമെന്ന് ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടാനാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. നൂറുശതമാനം ആത്മവിശ്വാസത്തിലാണ്. തൃക്കാക്കരയില്‍ ചര്‍ച്ച ചെയ്യേണ്ടത് രാഷ്ട്രീയമായിരുന്നു. എന്നാല്‍ ചര്‍ച്ചയായത് വ്യക്തിഹത്യയാണ്. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തേണ്ടതില്ല. മതത്തിന് അതീതമായ പിന്തുണയുണ്ടാകുമെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ പി ടി തോമസ് നേടിയിട്ടുള്ളതിനേക്കാള്‍ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്നാണ് കോണ്‍ഗ്രസ് വിശ്വാസം. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങളാണ്. അതിനെ തകര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നുവെന്ന തോന്നലിലാണ് യു.ഡി.എഫും കോണ്‍ഗ്രസും നീങ്ങുന്നത്. പി.ടി തോമസിനോടുള്ള സഹതാപം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍?ഗ്രസ്.

അതേസമയം വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പേരിലിറങ്ങിയ വിഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്. പരമ്പരാഗത വോട്ട് ബാങ്ക് കാക്കുന്നതിനൊപ്പം ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷ വോട്ട് ബാങ്കുകളിലേക്ക് കടന്നു കയറാനാണ് ഇടതു മുന്നണി ആദ്യം ശ്രമിച്ചത്.

ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന എതിരാളികളുടെ പ്രചാരണം നേട്ടമാകുമെന്നാണ് അവരുടെ കണക്കു കൂട്ടല്‍.

 

Exit mobile version