ജോ ജോസഫിനെതിരെ വ്യാജ വീഡിയോ; യൂത്ത് ലീഗ് പ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിടിയിലായത്. കണ്ണൂര്‍, കളമശ്ശേരി, കോവളം സ്വദേശികളാണിവര്‍. നേരത്തെ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയേയും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനേയും അറസ്റ്റ് ചെയ്തിരുന്നു. എല്‍ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കോണ്‍ഗ്രസ് അനുകൂലികളായ സ്റ്റീഫന്‍ ജോണ്‍, ഗീത പി തോമസ് എന്നീ എഫ്ബി, ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐടി ആക്ട് 67എ, 123 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇതിനിടെ വീഡിയോയുടെ ഉറവിടം അന്വേഷിക്കാന്‍ പൊലീസ് തയ്യാറാവാണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ജോ ജോസഫിനെതിരെ യുഡിഎഫ് സൈബര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന അശ്ലീല വീഡിയോ പ്രചരണത്തില്‍ മറുപടിയുമായി ഭാര്യ ദയ രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയ നിലപാടുകളും വികസന സ്വപ്നങ്ങളും നയങ്ങളുമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയരേണ്ടതെന്നും അല്ലാതെ വ്യക്തിഹത്യ അല്ലെന്ന് ദയ പറഞ്ഞു. വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന്റെ പിന്നില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെയാണെന്നും ദയ പറഞ്ഞിരുന്നു.

Exit mobile version