മത്സരയോട്ടത്തിനിടെ 19കാരിയുടെ അപകട മരണം; ആവേ മരിയ ബസിന് പെര്‍മിറ്റില്ലെന്ന് കണ്ടെത്തി

കോട്ടയം ഏറ്റുമാനൂരില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ കോളജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബസിന് പെര്‍മിറ്റില്ലെന്ന് കണ്ടെത്തി. 19കാരിയുടെ മരണത്തിനിടയാക്കിയ ആവേ മരിയ ബസിനാണ് പെര്‍മിറ്റില്ലാത്തത്. 2020 ആഗസ്റ്റ് 18ന് ബസിന്റെ പെര്‍മിറ്റ് കാലാവധി അവസാനിച്ചിരുന്നു.

ഇന്നലെയുണ്ടായ അപകടത്തില്‍ മണിമല കൊച്ചുകാലായില്‍ സനില മനോഹരന്‍ ആണ് മരിച്ചത്. ഏറ്റുമാനൂര്‍ എറണാകുളം റൂട്ടില്‍ തവളക്കുഴി ജംഗ്ഷനില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം.

തിരക്കുള്ള റോഡിലൂടെ സ്വകാര്യ ബസുകള്‍ മത്സരയോട്ടം നടത്തുന്നതിനിടെയാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ സനില ബസിനടിയില്‍പ്പെട്ടത്. ആവേ മരിയ ബസിന്റെ പിന്‍ചക്രം യുവതിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. കൂത്താട്ടുകുളം സ്വദേശിയാണ് മരിച്ച സനില. നേരത്തെയും മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നേരിട്ട ബസാണ് ആവേ മരിയ.

 

Exit mobile version