വടക്കാഞ്ചേരി: വയോധികയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവർന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കവർച്ചക്കാരുടെ അടിയേറ്റ് സാരമായി പരിക്കേറ്റ വട്ടായി കരിമ്പത്ത് സുശീല (70) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ സ്വർണാഭരണം കവർന്നു.
കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞാണ് സംഭവം. ഒരു വിവാഹത്തിൽ പങ്കെടുത്തശേഷം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരൂരിൽ ബസ് കാത്തുനിൽക്കുകയായിരുന്നു സുശീല. ഒരു സ്ത്രീയാത്രക്കാരിയുമായി വന്ന ഓട്ടോ ഡ്രൈവർ വട്ടായിയിലേക്കാണെന്നു പറഞ്ഞ് കയറാൻ നിർബന്ധിക്കുകയായിരുന്നു. കുറാഞ്ചേരിയിലെത്തി ഓട്ടോ നേരെ പത്താഴക്കുണ്ട് അണക്കെട്ടിന് സമീപം നിർത്തി. ബഹളം വെച്ചതോടെ വായിൽ തുണി തിരുകി. പ്ലാസ്റ്റിക് കയറുകൊണ്ട് കൈകൾ കെട്ടി തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് മാല പൊട്ടിച്ചെടുത്ത് തള്ളി പുറത്തേക്കിടുകയായിരുന്നു.
വ്യക്തമായ ആസൂത്രണത്തോടെയാണ് യുവതിയും ഓട്ടോ ഡ്രൈവറും സുശീലയെ ഓട്ടോറിക്ഷയിൽ കയറ്റിയത്. ആദ്യം മടിച്ചുനിന്ന സുശീലയെ പിൻസീറ്റിലിരുന്ന യുവതി നിർബന്ധിച്ച് ഓട്ടോയിൽ കയറ്റുകയായിരുന്നു. സുശീല ഉള്ളിലേക്കു കയറാനൊരുങ്ങിയപ്പോൾ യുവതി പുറത്തേക്കിറങ്ങി ഇവരെ സീറ്റിന്റെ വലതുവശത്തേക്കു നീക്കിയിരുത്തി.
പുറത്തേക്കിറങ്ങാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. കനാലിനടുത്ത് ഓട്ടോ നിർത്തിയ ശേഷം യുവാവ് ചുറ്റികയുമായി പുറത്തിറങ്ങിയപ്പോൾ സുശീലയ്ക്ക് അപകടം ബോധ്യപ്പെട്ടു. ഇതിനകം യുവതി കഴുത്തിൽ കുരുക്കു മുറുക്കിയിരുന്നു. ഓട്ടോയുടെ പുറത്തു നിന്നു കൊണ്ടാണ് ഡ്രൈവർ സുശീലയുടെ തലയിൽ ചുറ്റിക കൊണ്ടടിച്ചത്.പത്താഴക്കുണ്ട് ഡാമിൽ തള്ളിയേക്കാം എന്നു യുവതിയോടു ഡ്രൈവർ പറയുന്നതു സുശീല കേട്ടതായി പൊലീസ് പറഞ്ഞു.
ഡാം ലക്ഷ്യംവച്ച് ഓട്ടോ ഒരു കിലോമീറ്ററോളം മുന്നിലേക്കു പോയി. എന്നാൽ, ഡാമിലെ ജലനിരപ്പു താഴ്ന്ന നിലയിലായതിനാൽ വെള്ളത്തിലെറിയണമെങ്കിൽ സുശീലയെ ചുമലിലേറ്റി ഏറെദൂരം നടക്കേണ്ടി വരുമെന്ന് അക്രമികൾക്കു ബോധ്യപ്പെട്ടു. ആരെങ്കിലും കാണുമെന്നു ഭയന്ന് ഒടുവിൽ റോഡരികിൽ തള്ളി. സുശീലയുടെ തലയുടെ പിൻഭാഗത്ത് ആറു തുന്നലുകളും നെറ്റിയിൽ മൂന്നു തുന്നലുകളുമുണ്ട്.
ഒപ്പമുണ്ടായിരുന്ന യാത്രക്കാരി യുവതിയാണ്. വിവരമറിഞ്ഞ് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുരിയനും മറ്റുള്ളവരും വടക്കാഞ്ചേരി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി. ഇതിനിടയിൽ നാട്ടുകാർ ആംബുലൻസും വരുത്തിയിരുന്നു. തലയിൽ നിന്ന് രക്തം വാർന്നിരുന്ന ഇവരെ മകനും നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.