നടി അയച്ച വാട്ട്‌സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി; ഇന്ന് ഉച്ചയ്ക്ക് ഹര്‍ജി പരിഗണിക്കും

യുവനടിയെ സംവിധായകന്‍ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ കേസില്‍ നടി അയച്ച വാട്ട്‌സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു അഭിഭാഷകന്‍ മുഖേനെ ഹൈക്കോടതിക്ക് കൈമാറി. ഇന്ന് ഉച്ചയ്ക്ക് ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത്.

നടിയുടേത് ബ്ലാക്ക്‌മൈലിംഗ് തന്ത്രങ്ങളാണെന്നാണ് വിജയ് ബാബുവിന്റെ വാദം. 2018 മുതല്‍ പരാതിക്കാരിയെ തനിക്ക് നേരിട്ടറിയാം. ഉഭയസമ്മത പ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. നടിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും ഹൈക്കോടതിക്ക് കൈമാറി. പീഡനം നടന്നുവെന്ന് പറയുന്ന തീയതിക്ക് ശേഷവും തന്റെ ഭാര്യയുമായി നടി സംസാരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു.

നടി പല തവണ പണം കടം വാങ്ങിയിട്ടുണ്ട്. സിനിമയിലെ അവസരത്തിന് വേണ്ടി നടി നിരന്തരം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. വിജയ് ബാബു തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് കൊച്ചിയിലെത്തുമെന്നാണ് അഭിഭാഷകന്‍ എസ് രാജീവ് കോടതിയെ അറിയിച്ചിട്ടുള്ളത്. യാത്രാരേഖകളുടെ കോപ്പി കോടതിയില്‍ നേരത്തേ ഹാജരാക്കിയിരുന്നു.

താന്‍ നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് വിജയ് ബാബുവിന്റെ ഉപഹര്‍ജിയില്‍ പറയുന്നു. നടിയെ 2018 മുതല്‍ അറിയാം. സിനിമയില്‍ അവസരത്തിനായി നിരന്തരം വിളിച്ചിരുന്നു. ഇവര്‍ പല തവണ തന്നോട് പണം കടം വാങ്ങിയിട്ടുണ്ട്. താന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ അവസരം നല്‍കിയ മറ്റൊരു യുവനടിയോട് പരാതിക്കാരി മോശമായി സംസാരിച്ചെന്നും വിജയ് ബാബു ആരോപിക്കുന്നു. ഏപ്രില്‍ 14 ന് തന്നോടൊപ്പം മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹോറിസോണിലെ ഗസ്റ്റ് ഹൗസിലെത്തിയ നടി തന്റെ ഫോണിലേക്ക് വന്ന കോള്‍ എടുക്കുകയും വിളിച്ചയാളോട് ഇനി വിളിക്കരുതെന്ന് പറയുകയും ചെയ്തു. പുതിയ സിനിമയില്‍ അവസരം നല്‍കിയ നടിയായിരുന്നു ഇത്.

ഏപ്രില്‍ 15 ന് നടി ഫ്ലാറ്റില്‍ വീണ്ടുമെത്തി. അന്ന് അവിടെ തങ്ങുകയും ചെയ്തു. ദേഷ്യപ്പെട്ട നടിയെ വിളിച്ച് ക്ഷമ പറയുകയും ചെയ്തു. എന്നാല്‍ ഏപ്രില്‍ 18 ന് പുതിയ സിനിമയില്‍ അവസരം നല്‍കിയ നടിയും അവരുടെ അമ്മയുമായി കോഫി ഹൗസില്‍ സംസാരിച്ചിരിക്കവെ അവിടെ വന്ന നടി ഇരുവരോടും തട്ടിക്കയറിയെന്നും വിജയ് ബാബുവിന്റെ ഉപഹര്‍ജിയില്‍ പറയുന്നു.

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിദേശത്ത് നിന്ന് മടങ്ങി വരുകയാണെങ്കില്‍ പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. മടക്കയാത്ര ടിക്കറ്റ് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ കോടതി പറയുന്ന ദിവസം ഹാജരാകാന്‍ തയ്യാറാണെന്നും വിജയ് ബാബു അറിയിച്ചിരുന്നു.

 

Exit mobile version