റിജോഷിനെ കൊന്ന് കുഴിച്ചുമൂടിയ പ്രതികളുമായി പോലീസ് സംഘം ഇന്ന് കേരളത്തിൽ എത്തും; പോലീസിനൊപ്പം എത്തുന്നത് ശാന്തൻപാറ സ്വദേശി റിജോഷിനെയും, പിഞ്ചു കുഞ്ഞിനേയും കൊലപ്പെടുത്തിയ പ്രതികൾ

രാജകുമാരി: റിജോഷിനെ കൊന്ന് കുഴിച്ചുമൂടിയ കൊലക്കേസിലെ പ്രതികളുമായി പോലീസ് സംഘം ഇന്ന് കേരളത്തിൽ എത്തും. മുംബൈയിൽ ചികിൽസയിലായിരുന്ന പ്രതികളുമായി കൊച്ചിയിലേക്ക് പോകാൻ മുംബൈ വിമാനത്താവളത്തിലെത്തിയ കേരള പൊലീസ് സംഘത്തെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞു. രേഖകൾ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണിത്. കേസിലെ പ്രതികളായ വസീം, ലിജി എന്നിവരുമായി ശാന്തൻപാറ എസ്‌ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു വിമാനത്താവളത്തിൽ എത്തിയത്.

കാമുകന് ഒപ്പം ജീവിക്കാൻ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തുകയും ഒളിവിൽ പോയ ശേഷം കൂടെയുണ്ടായിരുന്ന രണ്ട വയസ്സുള്ള മകളെ വിഷം കൊടുത്തുകൊലപ്പെടുത്തുകയും ചെയ്ത സംഭവം ഗ്രാമത്തെ ആകെ ഞെട്ടിച്ചിരുന്നു.  ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജരുമായ വസീമും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ നാടുവിട്ടു. മൂന്ന് മക്കളുള്ള ലിജി ഇളയ മകളെ മാത്രമാണ് കൂടെ കൊണ്ടു പോയത്. ആ കുട്ടിയേയും വിഷം കൊടുത്തു കൊന്നു. വിഷം കഴിച്ച ലിജിയും വസീമും മുംബൈയിൽ ആശുപത്രിയിലെ ചികിൽസയിൽ ആരോഗ്യം വീണ്ടെടുത്തു. കേസിൽ തെളിവെടുപ്പും മറ്റും ഇനി തുടരും.

കൊലപാതകത്തെത്തുടർന്ന് ശാന്തൻപാറയിൽനിന്നു മുങ്ങിയ ഇരുവരെയും വിഷം ഉള്ളിൽ ചെന്നു ഗുരുതരാവസ്ഥയിൽ മുംബൈ പൻവേലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇളയ മകൾ ജൊവാന (2.5) യുമൊത്താണു ലിജി വസീമിനൊപ്പം പോയത്. ജൊവാനയെ വിഷം കൊടുത്തുകൊലപ്പെടുത്തിയ ശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ വിധി ലിജിയേയും വസീമിനേയും നിയമത്തിന് വിട്ടുകൊടുക്കുകയായിരുന്നു. ശാന്തൻപാറക്കാർ ആകെ വേദനയിലാണ്. അതുകൊണ്ട് തന്നെ ലിജിയേയും വസീമിനേയും തെളിവെടുപ്പിന് കൊണ്ടു വന്നാൽ നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന സംശയം പൊലീസിനുണ്ട്.

11 വർഷം മുൻപ് പ്രണയിച്ച് വിവാഹം ചെയ്ത റിജോഷിന്റെയും ലിജിയുടെയും വീടുകൾ പുത്തടിയിൽ അടുത്തടുത്താണ്. റിജോഷിന്റേയും മകളുടേയും മരണം നാടിനെ ആകെ വേദനിപ്പിച്ചിരുന്നു്.

ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാർ ആദ്യം എതിരായിരുന്നു എന്നാണു പറയപ്പെടുന്നത്. റിജോഷിന്റെ നിർബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടിൽ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വർഷം മുൻപാണ് ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. റിജോഷ് വലിയ മദ്യപാനിയായിരുന്നില്ല. ഏലത്തോട്ടത്തിൽ ലിജി എത്തിയതോടെ കുടി കൂടി. ഇതിന് പിന്നിൽ വസീമായിരുന്നു. റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നൽകിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാൻ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നു. 4 വർഷം മുൻപ് ഫാമിൽ മാനേജരായി എത്തിയ വസീം വല്ലപ്പോഴും ആണ് ഇരിങ്ങാലക്കുടയിലെ വീട്ടിൽ പോയിരുന്നത്.

മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിലും വീട്ടുകാരെയും മൂന്നു മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല. അച്ഛൻ വിൻസെന്റിനും അമ്മ കൊച്ചുറാണിക്കും റിജോഷിന്റെയും കൊച്ചുമകൾ ജൊവാനയുടെയും വേർപാട് താങ്ങാനാവുന്നതായിരുന്നില്ല.

പിന്നീട് വസീമിനെയും ലിജിയെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ഓൾഡ് മുംബൈ പനവേലിലാണ് കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസുള്ള മകൾ ജോവാന വിഷം ഉള്ളിൽച്ചെന്ന് മരിച്ചിരുന്നു. ഓൾഡ് പനവേലിലെ സമീർ ലോഡ്ജിലാണ് ഇരുവരെയും കണ്ടെത്തിയത്. മുറി തുറക്കാത്തതിനെത്തുടർന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് ഇവരെ അബോധാവസ്ഥയിൽ കണ്ടത്. റിജോഷ്-ലിജി ദമ്പതിമാരുടെ കുഞ്ഞ് അപ്പോഴേക്കും മരിച്ചു.

ഒക്ടോബർ 31-നാണ് ഇടുക്കി ജില്ലയിലെ ശാന്തൻപാറ ഫാം ഹൗസ് ജീവനക്കാരനായ ശാന്തൻപാറ പുത്തടി മുല്ലൂർ റിജോഷിനെ കാണാതാകുന്നത്. അഞ്ച് ദിവസത്തിനുശേഷം റിജോഷിന്റെ ഭാര്യ ലിജി യെയും ഇളയകുഞ്ഞിനെയും കാണാതായി. ഒപ്പം ഫാംഹൗസ് മാനേജർ തൃശ്ശൂർ മുകുന്ദപുരം വള്ളിവട്ടം കുഴിക്കണ്ടത്തിൽ എ.വസീമിനെയും കാണാതായിരുന്നു. റിജോഷിനെ കൊന്നത് താനാണെന്ന കുറ്റസമ്മതവീഡിയോ, വസീം സഹോദരന് അയച്ചതാണ് കേസിൽ വഴിത്തിരിവായത്. ഇതിനിടെ ഫാംഹൗസ് വളപ്പിൽ കുഴിച്ചിട്ട റിജോഷിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു.

Exit mobile version