വിസ്മയ കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി വിധി പുറത്തു വന്നതോടെ പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. നിരവധി നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ അനുകൂല വിധിയെന്ന് ഡിവൈഎസ്പി രാജ്കുമാര്‍ പ്രതികരിച്ചു. 306, 498, 498 എ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെയാണ് പുറപ്പെടുവിക്കുന്നത്. ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ 2021 ജൂണ്‍ 21 നായിരുന്നു വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ള വ്യക്തമാക്കി. വിധിയില്‍ നിരാശയും വിയോജിപ്പുമുണ്ട്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. വിധിവരുന്നതിന് മുമ്പ് വലിയ ആത്മവിശ്വാസത്തിലായിരുന്നു കിരണ്‍കുമാറിന്റെ അഭിഭാഷകന്‍. എവിഡന്‍സ് ആക്റ്റ് അനുസരിച്ച് ഡിജിറ്റല്‍ മെറ്റീരിയല്‍സ് തെളിവല്ലെന്ന് അവകാശപ്പെട്ട് പ്രതാപചന്ദ്രന്‍ പിള്ള രംഗത്തെത്തിയിരുന്നു. അത് തെളിവാകണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കണമെന്നും നടപടിക്രമങ്ങള്‍ പാലിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ പ്രതികരിച്ചു. സംഭവങ്ങള്‍ പൊതുസമൂഹത്തിലെത്താന്‍ സഹായിച്ച മാധ്യമങ്ങള്‍ക്ക് നന്ദി പറയുന്നു. ഇനിയും നിരവധി ഓഡിയോ ക്ലിപ്പുകളുണ്ട്.
അതെല്ലാം കേട്ടു കഴിഞ്ഞാല്‍ മാത്രമേ വിസ്മയ അനുഭവിച്ച പീഡനത്തിന്റെ വ്യാപ്തി എന്താണെന്ന് മനസിലാവുകയുള്ളൂ. ഈ അവസ്ഥയില്‍ കൂടുതലൊന്നും പറയാനാകില്ലെന്നും വിസ്മയയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.
