കൊല്ലം നിലമേലില്‍ വിസ്മാ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
കേരള മനസാക്ഷിയെ ഞെട്ടിച്ച വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന് കോടതി. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. 323, 506 കുറ്റങ്ങള്‍ കോടതി പറഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷന്‍. പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ വിധിയെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. അമ്മ ഉള്‍പ്പെടെ വീട്ടിലിരുന്നാണ് വിധി കേട്ടത്.
സ്ത്രീധനവും സമ്മാനമായി നല്‍കിയ കാറും തന്റെ പദവിക്ക് കുറഞ്ഞു പോയെന്ന് പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കിരണ്‍കുമാര്‍ ഭാര്യയെ മര്‍ദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജൂണ്‍ 21ന് പുലര്‍ച്ചെയാണ് ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്തത്.
സ്ത്രീധന പീഡനത്തനെ തുടര്‍ന്നാണ് ആത്മഹത്യ എന്ന് സ്ഥാപിക്കാന്‍ വിശാലമായ ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജാരാക്കിയത്. സാധാരണ സ്ത്രീധന പീഡനക്കേസുകളില്‍ നിന്നും വിഭിന്നമായി 102 സാക്ഷികളും 98 രേഖകളും 56 തൊണ്ടിമുതലുമാണ് കേസിലുള്ളത്.
സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍കുമാര്‍ പീഡിപ്പിക്കുന്നതായി വിസ്മയ സുഹൃത്തക്കളോട് ചാറ്റ് ചെയ്തതിന്റെ ഡിജിറ്റല്‍ തെളിവുകള്‍, പിതാവിനോട് അടക്കമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയും പ്രോസിക്യൂഷന്റെ തെളിവുകളായി ഹാജരാക്കി. ആരും കേസില്‍ കൂറുമാറിയില്ല എന്നതും നിര്‍ണായകമായി.
