കഴിഞ്ഞ ദിവസം കേരളക്കരയുടെ മനസുലച്ച ഒരു ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. കൊല്ലം നിലമേലില്‍ കൊല്ലപ്പെട്ട വിസ്മയ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ക്ക് അയച്ച ശബ്ദസന്ദേശമായിരുന്നു അത്. ‘എനിക്കിവിടെ വയ്യ അച്ഛ. എന്നെ അവര്‍ ഒരുപാട് മര്‍ദിക്കുന്നുണ്ട്’. ഞെട്ടലോടെയും കണ്ണീരോടെയുമല്ലാതെ ആര്‍ക്കും അത് കേട്ട് നില്‍ക്കാനാകുമായിരുന്നില്ല.
ശബ്ദസന്ദേശം ചര്‍ച്ചയായതോടെ മലയാളികള്‍ ഒന്നടങ്കം ചോദിച്ച ഒരു ചോദ്യമുണ്ട്. വീട്ടില്‍ പീഡനം സഹിക്കുന്നു, അവിടെ നിക്കാന്‍ വയ്യ എന്ന് മകള്‍ കരഞ്ഞ് പറഞ്ഞിട്ടും എന്തുകൊണ്ടാണ് മകളെ വീട്ടിലേക്ക് തിരികെ കൊണ്ടു വരാതിരുന്നത്? മകളെ തിരിച്ചു കൊണ്ടു വന്നിരുന്നുവെങ്കില്‍ വിസ്മയ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നോ? സമൂഹത്തിന്റെ ഈ ചോദ്യത്തോട് ഉത്തരം പറയുകയാണ് അച്ഛന്‍ ത്രിവിക്രമന്‍ നായര്‍.
‘ആ ഓഡിയോ മെസേജ് വന്നതിന് ശേഷം ഞാന്‍ അവിടെ പോയി. എന്റെ കുട്ടിയെ ഞാന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. എന്റെ കൂടെ ഉണ്ടായിരുന്നു എന്റെ കുട്ടി. അല്ലാതെ അവളെ കളഞ്ഞിട്ടില്ല. ഞാന്‍ 26 വര്‍ഷം ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കിരണിന് കൊടുത്തത്. 80 പവനും പതിന്നൊകേല്‍ ലക്ഷത്തിന്റെ വണ്ടിയും, ഒന്നേകാല്‍ ഏക്കര്‍ വസ്തുവും കൊടുക്കാമെന്ന് പറഞ്ഞതാണ്. അതവന് പോര. വിസ്മയയുടെ ഫോണ്‍ വന്നതിന് ശേഷം വിസ്മയയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.
ഈ സമയത്തായിരുന്നു മകന്റെ കല്യാണം. ഞാനും എന്റെ ഭാര്യയും അവരെ പോയി വിളിച്ചിരുന്നു. അവരാരും കല്യാണത്തിന് വന്നില്ല. അതിന് ശേഷം ഈ ബന്ധം വേണ്ടെന്ന് മകളോട് ഞാന്‍ പറഞ്ഞിരുന്നു. അവസാന പരീക്ഷ നടന്ന 17-ാം തിയതി എന്റെ കുട്ടി എന്നോട് പറയാതെ കോളജില്‍ നിന്ന് കിരണിനൊപ്പം പോയത്. അവനെന്ത് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് എന്റെ കുട്ടിയെ കൊണ്ടു പോയതെന്ന് അറിയില്ല’- വിസ്മയയുടെ അച്ഛന്‍ പറഞ്ഞു.
കോടതിയില്‍ അത്രയധികം ക്രൂരമായ ചോദ്യങ്ങളാണ് തന്നോട് ചോദിച്ചത്. ഇനി ഒരു അച്ഛനും ഇത്തരമൊരു അവസ്ഥ വരുത്തരുതേ എന്ന് മാത്രമാണ് ഇപ്പോള്‍ പ്രാര്‍ത്ഥനയെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
