ഹരിപ്പാട്: മോഷണ ശ്രമത്തിനിടെ നാടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ് നാടോടി സ്ത്രീകളായ സിന്ധു (38), മഞ്ചു (40)എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. താമല്ലാക്കൽ വടക്ക് കളീക്കത്തറ വടക്കതിൽ അമ്മിണി (59)യുടെ മാലയാണ് ഇവർ മോഷ്ടിക്കാൻ ശ്രമം നടത്തിയത്.
ആയുർവേദ മരുന്ന് വാങ്ങി തിരികെ കെവി ജെട്ടി ജംഗ്ഷനിലേക്ക് പോകാൻ നിൽക്കുകയായിരുന്നു അമ്മിണി. ഈ സമയം നാടോടി സ്ത്രീകൾ അവിടെ നിന്നും ഓട്ടോയിൽ കയറി അമ്മിണിയെ കെവി ജെട്ടിയിൽ ഇറക്കാം എന്ന് പറഞ്ഞു ഓട്ടോയിലേക്ക് വിളിച്ചു കയറ്റുകയായിരുന്നു. ഇവരുടെ നടുക്കായി അമ്മിണിയെ ഇരുത്തുകയും ചെയ്തു.
ജംഗ്ഷനിൽ എത്തി ഇറങ്ങിയപ്പോൾ അമ്മിണിയുടെ കഴുത്തിൽ കിടന്ന രണ്ടര പവന്റെ മാല കാണാനില്ല. ഉടൻ ഓട്ടോയിൽ നോക്കിയപ്പോൾ തമിഴ് സ്ത്രീകൾ ഇരുന്നതിന്റെ താഴെ മാല കിടക്കുന്നത് കണ്ടു. ഉടൻ തന്നെ ഈ സ്ത്രീകൾ ഓട്ടോയിൽ നിന്നും ഇറങ്ങി കെഎസ്ആർടിസി ബസിൽ കയറി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഓട്ടോ ഡ്രൈവർ ബസ് തടഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
