പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം; റെനീസിനെതിരെ പുതിയ കേസ്, സ്ത്രീധനം ചോദിച്ച് റെനീസ് നജ്ലയെ പീഡിപ്പിച്ചെന്ന് കണ്ടെത്തല്‍

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണത്തില്‍ സിപിഓ റെനീസിനെതിരെ പുതിയ കേസ് എടുക്കും. വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് കൂടുതല്‍ സ്ത്രീധനം ചോദിച്ച് റെനീസ് നജ്ലയെ പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഈ പശ്ചാത്തലത്തിലാണ് പുതിയ കേസ്.

നിര്‍ണായകമായ വിവരങ്ങളാണ് രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം കണ്ടെത്തിയത്. സിപിഒ റെനീസ് നിരവധി പേര്‍ക്ക് വട്ടിപലിശയ്ക്ക് പണം നല്‍കിയിരുന്നു. പലിശയ്ക്ക് നല്‍കാന്‍ കൂടുതല്‍ തുക ആവശ്യമായ ഘട്ടത്തിലാണ് റെനീസ് സ്ത്രീധനത്തിന്റെ പേരില്‍ നജ്ലയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. പ്രതിയുടെ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ അടങ്ങിയ ബാഗ് പോലീസ് കണ്ടെത്തിയിരുന്നു.

ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെനീസിനെതിരെ പലിശയ്ക്ക് പണം നല്‍കിയതിന് കേസ് എടുക്കാന്‍ തീരുമാനിച്ചത്. കൂട്ട മരണ കേസില്‍ കൂടുതല്‍ പേരെ പ്രതിച്ചേര്‍ക്കാനുള്ള സാധ്യതയും അന്വേഷണ സംഘം പങ്ക് വെക്കുന്നുണ്ട്. നിലവില്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആവശ്യമെങ്കില്‍ റെനീസിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

 

Exit mobile version