ഷോര്‍ട്ട്സ് ധരിച്ചതിന് ശകാരിച്ചു, ഇന്ന് അവള്‍ ലോക ചാമ്പ്യനാണ്; ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ നിഖത് സരീന്റെ പിതാവ്

മുന്‍ ഫുട്‌ബോള്‍ താരവും ക്രിക്കറ്റ് താരവുമായ മുഹമ്മദ് ജമീലിന്റെ നാല് പെണ്‍മക്കളില്‍ ഒരാള്‍ കായിക രംഗത്തേക്ക് വരണമെന്നത്ത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. നിസാമാബാദ് സ്വദേശി തന്റെ മൂന്നാമത്തെ മകള്‍ ‘നിഖാത് സറീന് അത്‌ലറ്റിക്‌സ്’ തെരഞ്ഞെടുത്തു നല്‍കി. തീരുമാനം തെറ്റിയില്ല, സ്പ്രിന്റ് ഇനങ്ങളില്‍ യുവ നിഖത് സംസ്ഥാന ചാമ്പ്യനായി. പക്ഷേ പിതാവ് മുഹമ്മദ് ജമീലിന് തന്റെ മകളുടെ കഴിവിന് ഇത് പോരെന്ന് തോന്നി.

ഒടുവില്‍ ബോക്‌സിംഗ് റിംഗില്‍ എത്തിയ അവള്‍ 14-ാം വയസ്സില്‍ ലോക യൂത്ത് ബോക്‌സിംഗ് ചാമ്പ്യനായി കിരീടമണിഞ്ഞു. ഇതായിരുന്നു തുടക്കം…11 വര്‍ഷങ്ങള്‍ക്കിപ്പുറം ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഹൈദരാബാദുകാരിയെ കുറിച്ച് പിതാവ് പറയുന്നു.

മേരി കോമിനെതിരെ റിങ്ങിലും പുറത്തുമായുള്ള ‘പോരാട്ട’ങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന നിഖാത് സരീന്‍, നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ചാണ് ഇത്തവണ വാര്‍ത്തകളിലെ താരമാകുന്നത്. പിതാവിന്റെ കായിക കരുത്തിനും, പിന്തുണയ്ക്കും നടുവില്‍ വളര്‍ന്ന നിഖത്തിന്റെ ആയുധം ‘ക്ഷമ’ ആയിരുന്നു.

മേരി കോമിന്റെ നിഴലില്‍ നിന്ന് സൂര്യ വെളിച്ചത്തിലേക്ക് എത്താന്‍ ക്ഷമയോടെ കാത്തിരിക്കാന്‍ മകളോട് ഉപദേശിച്ചത് പിതാവ് തന്നെയാണ്. 2017ല്‍ തോളെല്ലിനേറ്റ പരുക്ക് അവളുടെ ഒരു വര്‍ഷം കവര്‍ന്നെടുത്തു. പക്ഷേ അഞ്ച് വര്‍ഷത്തിന് ശേഷം നിഖാത് ലോക ചാമ്പ്യനായി മാറിയപ്പോള്‍ വേദനയും, നിരാശയും എല്ലാം ഒരു ഓര്‍മയായി മാറിയെന്ന് ജമീല്‍ അഭിമാനത്തോടെ പറയുന്നു.

”ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുക എന്നത് മുസ്ലീം പെണ്‍കുട്ടികള്‍ക്കും രാജ്യത്തെ ഓരോ പെണ്‍കുട്ടികള്‍ക്കും ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള പ്രചോദനമായി വര്‍ത്തിക്കും. ഒരു കുട്ടി, അവന്‍ ആണോ പെണ്ണോ ആവട്ടെ അവരുടേതായ വഴി കണ്ടെത്തണം, നിഖാത്ത് അവളുടെ സ്വന്തം വഴി കണ്ടെത്തി ഇന്ന് ചാമ്പ്യനായി മാറി” വികാരാധീനനായ ജമീല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അമ്മാവന്‍ സംസമുദ്ദീന്റെ മക്കളായ ഇത്ഷാമുദ്ദീനും ഇതിഷാമുദ്ദീനും ബോക്‌സര്‍മാരായതിനാല്‍, യുവ നിഖത്തിന് അവളുടെ കുടുംബവൃത്തത്തിന് പുറത്ത് പ്രചോദനം തേടേണ്ടി വന്നില്ല. 2000-കളുടെ അവസാനത്തില്‍ നിസാമാബാദിലോ ഹൈദരാബാദിലോ വനിതാ ബോക്സര്‍മാര്‍ ഇല്ലായിരുന്ന കായികരംഗത്തേക്ക് കടക്കുന്നതില്‍ നിന്ന് മകളെ അവര്‍ നിരുത്സാഹപ്പെടുത്തിയില്ല. എന്നാല്‍ സ്പോര്‍ട്സില്‍ പെണ്‍കുട്ടികള്‍ ഷോര്‍ട്ട്സും ട്രെയിനിംഗ് ഷര്‍ട്ടും ധരിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാന്‍ ജമീലിന്റെ വീട്ടുകാര്‍ക്ക് എളുപ്പമായിരുന്നില്ല. എന്നാല്‍ മകളുടെ സ്വപ്നത്തിനൊപ്പം അമ്മ പര്‍വീണ്‍ സുല്‍ത്താനയും നിലകൊണ്ടു.

”ബോക്സര്‍ ആകാനുള്ള അവളുടെ സന്നദ്ധതയെക്കുറിച്ച് നിഖത് പറഞ്ഞപ്പോള്‍ നമുക്ക് മടിയുമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു പെണ്‍കുട്ടി ഷോര്‍ട്ട്‌സ് ധരിക്കേണ്ട സ്‌പോര്‍ട്‌സ് കളിക്കരുതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിരുന്നു. എന്നാല്‍ നിഖത് എന്ത് ആഗ്രഹിച്ചാലും ഞങ്ങള്‍ അവളുടെ സ്വപ്നത്തെ പിന്തുണയ്ക്കും” ജമീല്‍ പറഞ്ഞു.

ലോക ചാമ്പ്യന്റെ തിരിച്ചുവരവിനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് ജമീല്‍. ”കഴിഞ്ഞ 2-3 വര്‍ഷമായി അവളുടെ പ്രിയപ്പെട്ട ബിരിയാണിയും നിഹാരിയും മോള്‍ക്ക് നഷ്ടമായി. ക്യാമ്പില്‍ നിന്ന് തിരിച്ചെത്തി, വീണ്ടും പരിശീലനം ആരംഭിക്കും മുമ്പ് 1-2 ദിവസം അവള്‍ക്ക് ഇതൊക്കെ ഫുള്‍ കഴിക്കാം” ജമീല്‍ വാത്സല്യപൂര്‍വം കൂട്ടിച്ചേര്‍ത്തു.

 

Exit mobile version