രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളനെ വിട്ടയച്ചു, മോചനം 31 വര്‍ഷത്തിന് ശേഷം

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 31 വര്‍ഷത്തിന് ശേഷമാണ് പേരറിവാളന്റെ മോചനം. ഭരണ ഘടനയുടെ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് മോചനത്തിന് ഉത്തരവിടുന്നുവെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

പേരറിവാളന്റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്നാട് സര്‍ക്കാറിന്റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

രാജീവ് ഗാന്ധി വധക്കേസില്‍ 31 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളന്‍. 1991ലാണ് പേരറിവാളന്‍ അറസ്റ്റിലായത്. 1991 ജൂണ്‍ 11 ന് ചെന്നൈയിലെ പെരിയാര്‍ തിടലില്‍ വച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാര്‍ പേരറിവാളനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുകയായിരുന്നു. ചെയ്ത കുറ്റം, രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന ചെയ്തു എന്നതാണ്.

അറസ്റ്റിലാകുന്ന സമയത്ത് ആ പത്തൊമ്പതുകാരന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയതേ ഉണ്ടായിരുന്നൊള്ളൂ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്ഫോടക വസ്തുവായി 9 വോള്‍ട്ട് ബാറ്ററി നല്‍കിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. അറസ്റ്റിന് പുറകെ പലരും പേരറിവാളിന്റെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, വധിക്കപ്പെട്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നതിനാല്‍ കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

26 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോള്‍ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോള്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പേരറിവാളന്‍ അവസാനമായി പരോളില്‍ ഇറങ്ങിയത്. രാജീവ് ഗാന്ധി വധക്കേസില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ജയിലില്‍ കഴിയുന്ന മൂന്ന് പ്രതികളേയും വിട്ടയക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്.

 

Exit mobile version