തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫിനെ അട്ടിമറിച്ച് ബിജെപി; രണ്ട് സീറ്റുകളും പിടിച്ചെടുത്തു

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട് ഡിവിഷനുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ അട്ടിമറിച്ച് ബിജെപിക്ക് വിജയം. ഇളമനതോപ്പില്‍ എന്‍ഡിഎയുടെ വള്ളി രവി 363 വോട്ട് നേടി. പിഷാരികോവില്‍ എന്‍ഡിഎയുടെ രതി രാജു 468 വോട്ടുകളും നേടി വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ്ങ് സീറ്റുകളായിരുന്നു ഇവ രണ്ടും.

നഗരസഭയിലെ 11ാം ഡിവിഷനായ ഇളമനത്തോപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷനായ സിപിഐഎമ്മിലെ കെടി സൈഗാള്‍ അന്തരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.

46ാം ഡിവിഷനായ പിഷാരി കോവിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി രതി ബിജുവാണ് വിജയിച്ചത്. എല്‍ഡിഎഫ് അംഗം രാജമ്മ മോഹന്‍ അന്തരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

49 അംഗങ്ങളുള്ള നഗരസഭയില്‍ എല്‍ഡിഎഫിന് 23 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി. പാര്‍ട്ടിക്ക് 21 സീറ്റായി കുറഞ്ഞു.

കൊച്ചി കോര്‍പ്പറേഷന്‍ 62ാം ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ത്ഥി പദ്മജ എസ് മേനോനാണ് വിജയിച്ചത്.

ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 46 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 250 വോട്ട് കൂടുതല്‍ പോള്‍ ചെയ്തിരുന്നു.

കൗണ്‍സിലറുടെ മരണത്തോടെയാണ് ബിജെപി സിറ്റിംഗ് സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പദ്മജ എസ് മേനോനും യുഡിഎഫിനായി അനിത വാര്യരും എല്‍ഡിഎഫിനായി എസ് അശ്വതിയുമാണ് മത്സരിച്ചത്.

Exit mobile version