അസമില്‍ വെള്ളപ്പൊക്കം: 57,000 പേരെ ബാധിച്ചതായി സര്‍ക്കാര്‍; 10321 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു, 202 വീടുകള്‍ തകര്‍ന്നു

അസമിലെ വെള്ളപ്പൊക്ക കെടുതി ഏഴ് ജില്ലകളിലെ 57,000 പേരെ ബാധിച്ചതായി അസം സര്‍ക്കാര്‍. വെള്ളപ്പൊക്കം 222 ഗ്രാമങ്ങളെ ബാധിച്ചു. 10321 ഹെക്ടര്‍ കൃഷിഭൂമി നശിച്ചുവെന്നും വെളപ്പൊക്കത്തില്‍ ഇതുവരെ 202 വീടുകള്‍ തകര്‍ന്നുവെന്നും അസം സര്‍ക്കാര്‍ വ്യക്തമാക്കി. മണ്ണിടിച്ചിലില്‍ റെയില്‍വേ ട്രാക്കുകളും, പാലങ്ങളും, റോഡുകളും, കനാലുകളും തകര്‍ന്നതായും ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ ഒരു കുട്ടി അടക്കം മൂന്ന് പേര്‍ ഇന്നലെ മരിച്ചിരുന്നു. ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ശനിയാഴ്ച വരെ തുടര്‍ച്ചയായി പെയ്ത മഴയാണ് അസമിലെ വിവിധ പ്രദേശങ്ങളെ ദുരിതത്തിലാക്കിയത്. ദിമാ ഹസോ ജില്ലയിലെ ഹാഫ് ലോങ് പ്രദേശത്ത് മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണസേന അറിയിച്ചു. കാച്ചര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, നാഗോണ്‍, കാംരൂപ് ജില്ലകളാണ് പ്രളയക്കെടുതി ഏറ്റവും കൂടുതല്‍ നേരിടുന്നത്.

ദിമാ ഹസോ ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. ട്രെയിന്‍ ഗതാഗതം നിലച്ചതോടെ ഡിറ്റോക്ചെറ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടന്ന യാത്രക്കാരെ കരവ്യോമസേനയുടെ സഹായത്തോടെ ആകാശമാര്‍ഗമാണ് രക്ഷപ്പെടുത്തിയത്.

അസമിലെയും സമീപ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെയും മഴയുടെ ഫലമായി കോപിലി നദി അപകട നിലയും കവിഞ്ഞൊഴുകുകയാണ്.

 

Exit mobile version