കെഎസ്ആര്‍ടിസിയുടെ ചിലവില്‍ വര്‍ധനയുണ്ടാക്കിയത് കേന്ദ്ര സര്‍ക്കാര്‍, ജീവനക്കാരെ ശരിയായ പാതയില്‍ നയിക്കേണ്ട യൂണിയനുകള്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു; ആന്റണി രാജു

കെഎസ്ആര്‍ടിസിയുടെ ചിലവില്‍ വര്‍ധനയുണ്ടാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. എണ്ണ കമ്പനികളോടുള്ള ലാഭക്കൊതി കാരണമാണ് അത് സംഭവിച്ചത്. അതിന്റെ പാപഭാരം ഏല്‍ക്കേണ്ടി വരുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിസന്ധികളുടെ നടുവിലും അതിനെ അതിജീവിക്കാനുള്ള ശ്രമകരമായ ദൗത്യങ്ങള്‍ മാനേജ്‌മെന്റും ഗവണ്‍മെന്റും നടത്തുമ്പോള്‍ അതിനെ സഹായിക്കുന്നതിന് പകരം അതിന് ഇടങ്കോലിടുന്ന പ്രവര്‍ത്തനങ്ങളാണ് ചില യൂണിയനുകള്‍ നടത്തുന്നത്.

സാധാരണക്കാരുടെ വാഹനമാണ് കെഎസ്ആര്‍ടിസി. പൊതുജനങ്ങളെ വഴിയിലാക്കുന്ന പണിമുടക്ക് രീതിക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്. നാളെ ശമ്പളം കൊടുത്താലും ഇത് തന്നെയാകും ആവര്‍ത്തിക്കുക. പണിമുടക്കി ഭീഷണിപ്പെടുത്തിയെന്ന പേരില്‍ മാനേജ്മന്റ് ശമ്പളം കൊടുക്കുമെന്നാണ് ധരിക്കുന്നതെങ്കില്‍ ആ ധാരണ മാറ്റേണ്ട കാലമായെന്നും മന്ത്രി പറഞ്ഞു. ആ ധാരണയ്ക്ക് മുന്നില്‍ വഴങ്ങി കൊടുക്കാന്‍ ഗവണ്‍മെന്റ് ഒരു കാരണവശാലും തയ്യാറാകില്ല.

ഗവണ്‍മെന്റിന്റെ വാക്ക് കേള്‍ക്കാതെ സമരം ചെയ്തിട്ട് അത് പരിഹരിക്കണം എന്ന് പറയുന്നതില്‍ എന്താണ് ന്യായം. ഗവണ്‍മെന്റിന്റെ വാക്ക് കേട്ടിരുന്നെങ്കില്‍ യൂണിയനുകളുടെ കാര്യം കേള്‍ക്കുമായിരുന്നു. ഗവണ്‍മെന്റിന്റെത് ന്യായമായ വാക്കാണ്. മാനേജ്‌മെന്റിനെയും യൂണിയനുകളെയും ഒരുമിച്ച് വിളിച്ചുവരുത്തി രണ്ട് പേരോടും പറഞ്ഞതല്ലേ, പണിമുടക്കരുതെന്ന് യൂണിയനുകളോടും, പത്താം തീയതി ശമ്പളം കൊടുക്കണമെന്ന് മാനേജ്‌മെന്റിനോടും പറഞ്ഞു.

മാനേജ്മന്റ് തയ്യാറായി യൂണിയനുകളുടെ ബഹുഭൂരിപക്ഷം തയാറായിരുന്നു ആദ്യം. ഇതിന് പിന്നിലെ അജണ്ട വേറെയാണ് യൂണിനുകള്‍ പറയുന്നതനുസരിച്ച് മാനേജ്‌മെന്റും ഗവണ്‍മെന്റും നിന്ന് കൊടുക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ ജനങ്ങളെ പെരുവഴിയിലാക്കും എന്ന ധാര്‍ഷ്ട്യം അവസാനിപ്പിക്കാതെ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ല. പണിമുടക്ക് ഭീഷണിയുടെ മുന്നില്‍ തലകുനിച്ച് നില്‍ക്കാന്‍ ഗവണ്‍മെന്റിനും മാനേജ്‌മെന്റിനും കഴിയില്ല.

സിഐടിയു എടുത്ത പക്വമായ നിലപാട് മറ്റ് യുണിയനുകള്‍ എടുത്തില്ല. കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ നയം മൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ യൂണിയനുകള്‍ സഹകരിക്കുന്നതിന് പകരം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് യൂണിയനുകള്‍ സ്വീകരിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാരെ ശരിയായ പാതയില്‍ നയിക്കേണ്ട യൂണിയനുകള്‍ അവരെ തെറ്റായ പാതയിലൂടെ നയിച്ച് പ്രതിസന്ധികള്‍ ഉണ്ടാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

യൂണിയനുകള്‍ പുനര്‍ചിന്തനത്തിന് തയ്യാറാകണം. കെ എസ് ആര്‍ ടി സി മാനേജ്മെന്റുമായി സഹകരിക്കണം. ഗവണ്‍മെന്റിന്റെയും മാനേജ്‌മെന്റിന്റെയും നടപടികള്‍ക്ക് പിന്തുണ നല്‍കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശവും സമീപനവും യൂണിയനുകള്‍ സ്വീകരിക്കുന്നതിന് പകരം പ്രശ്നം വഷളാക്കാനാണ് യൂണിയന്‍ നേതാക്കളുടെ ലക്ഷ്യമെങ്കില്‍ അതിന് മുന്നില്‍ കൈയ്യും കെട്ടി നില്‍ക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

Exit mobile version