കെ.വി തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നു, ഇനി സി.പി.എം അനുഭവിക്കട്ടെ: വി.ഡി സതീശന്‍

കെ.വി തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ‘അദ്ദേഹം പോയത് കൊണ്ട് കൂടുതല്‍ വോട്ടുകള്‍ കിട്ടും. ഞങ്ങള്‍ അനുഭവിച്ചത് ഇനി സി.പി.എമ്മും അനുഭവിക്കട്ടെ. കേരളത്തിലെ മനുഷ്യരുടെ പൊതുബോധത്തെ വെല്ലുവിളിച്ചു കൊണ്ടാണ് കെ.വി തോമസ് പോയത്. അതിനൊരു തിരിച്ചടി എല്‍.ഡി.എഫിനുണ്ടാകും. അത് ഞങ്ങള്‍ക്ക് അനുകൂലമാകുമെന്നും സതീശന്‍ പറഞ്ഞു.

‘കുലം കുത്തികളെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്ന തിരക്കിലാണ് സി.പി.എം. ഏതെങ്കിലും കെ.പി.സി.സി പ്രസിഡന്റിന് എ.ഐ.സിസിയുടെ അനുമതിയില്ലാതെ പുറത്താക്കാന്‍ പറ്റുമെന്ന് തോന്നുണ്ടോയെന്നും വി.ഡി സതീശന്‍ ചോദിച്ചു. കെ. സുധാകരന്‍ കള്ളം പറയുകയാണ് എന്ന കെ.വി തോമസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏത് ലോകത്താണ് കെ.വി തോമസ് ജീവിക്കുന്നത്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ പുറത്ത് പറയാന്‍ പറ്റില്ല. പൊതുജനം പോലും കെ.വി തോമസിന്റെ ഓരോ പ്രവൃത്തിയും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Exit mobile version