കൊച്ചി: യുവാവിനെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി ബലം പ്രയോഗിച്ചു നഗ്‌ന ചിത്രമെടുത്തു ബ്ലാക്‌മെയിലിങ്ങിലൂടെ പണവും കാറും മൊബൈൽ ഫോണുകളും തട്ടിയെടുത്ത സിനിമാ സീരിയൽ മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയനും, സൃഹൃത്തും പിടിയിലായത് കഴിഞ്ഞ ദിവസമാണ്. കേസിൽ ഇവർ അറസ്റ്റിലാകുമ്പോൾ ചർച്ചയാകുന്നതും ഇത്തരത്തിലുള്ള തട്ടിപ്പുകൾ തന്നെയാണ്. കേരളത്തിലെ പ്രമുഖ നടിമാരുടെ മെയ്‌ക് ആപ്പ് ആർട്ടിസ്റ്റ് കൂടിയാണ് പിടിയിലായ യുവതി.
13 വർഷമായി പരസ്യചിത്രീകരണ രംഗത്തും ബ്രൈഡൽ മേക്കപ്പ് രംഗത്തും സജീവമാണ് ജൂലി. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ജൂലി മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, ഇഷാ തൽവാർ, നൈല ഉഷ, നസ്രിയ തുടങ്ങിയ പ്രശസ്തരായ താരങ്ങൾക്കായി ചമയമൊരുക്കിയിട്ടുണ്ട്.
സീപോർട്ട് എയർപോർട്ട് റോഡിൽ കലക്ടറേറ്റിനു സമീപം ബ്യൂട്ടി പാർലർ നടത്താനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്തായിരുന്നു തട്ടിപ്പ് എന്നാണ് പോലീസ് പറയുന്നത്. മാമംഗലം പൊറ്റക്കുഴി ചെറിയ പട്ടാരപ്പറമ്പിൽ ജൂലി ജൂലിയൻ (37), സുഹൃത്ത് കാക്കനാട് അത്താണി കൃഷ്ണ വിലാസത്തിൽ കെ.എസ്.കൃഷ്ണകുമാർ (രഞ്ജിഷ് 33) എന്നിവരാണ് അറസ്റ്റിലായത്. വിജയ്യുടെ മെർസൽ, വി.കെ. പ്രകാശ് ചിത്രം പ്രാണ തുടങ്ങിയ സിനിമകളിൽ പ്രമുഖ നടിയുടെ മേക്കപ്പ്അപ്പ് ആർട്ടിസ്റ്റ് ആയിരുന്നു ജൂലി.
വീഡിയോ കാണാം
കേസിൽ രണ്ടു പേരെ കൂടി പിടികിട്ടാനുണ്ട്. ബിസിനസുകാരനായ യുവാവാണ് ഇവരുടെ കെണിയിൽപെട്ടത്. ജൂലിയുടെ ക്ഷണപ്രകാരം യുവാവും ഗൾഫിൽ നിന്നെത്തിയ ബന്ധു കൂടിയായ മറ്റൊരു യുവാവും ഒരുമിച്ചാണ് വാടക വീട്ടിലെത്തിയത്. ഇവർ ജൂലിയുമായി സംസാരിക്കുന്നതിനിടെ ജൂലിയുടെ കൂട്ടാളികളായ മറ്റു മൂന്നു പേർ പുറമേ നിന്ന് എത്തുകയായിരുന്നു. അനാശാസ്യ നടപടിക്ക് എത്തിയതാണെന്ന് ആരോപിച്ച് ഇവർ യുവാക്കളെ മർദിച്ചു. സദാചാര പൊലീസിനെ പോലെയാണ് ഇവർ പെരുമാറിയത്. രോഗിയാണെന്നു പറഞ്ഞതിനാൽ ഗൾഫിൽ നിന്നെത്തിയ യുവാവിനു കാര്യമായി മർദനമേറ്റില്ല.
ബിസിനസുകാരനെ നഗ്‌നനാക്കി ജൂലിയോടൊപ്പം കട്ടിലിൽ ഇരുത്തി വിഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതു പുറത്തു വിടാതിരിക്കാൻ 5 ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടു. കൈവശം പണമില്ലെന്നും പിന്നീടു തരാമെന്നും യുവാക്കൾ പറഞ്ഞെങ്കിലും സംഘം വഴങ്ങിയില്ല. ഗൾഫുകാരന്റെ പഴ്‌സിൽ നിന്നു എടിഎം കാർഡ് പിടിച്ചു വാങ്ങി. കാറും മൊബൈൽ ഫോണുകളും കൈവശപ്പെടുത്തിയ ശേഷമാണ് യുവാക്കളെ വിട്ടയച്ചത്. എടിഎം കാർഡ് ഉപയോഗിച്ചു പല സമയത്തായി 50,000 രൂപ പിൻവലിച്ചു. പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ടു. ഇതിനിടെ യുവാക്കളുടെ ഏതാനും സുഹൃത്തുക്കൾക്കു വീഡിയോയിലെ രംഗങ്ങൾ ജൂലി അയച്ചു കൊടുത്തു.
ഇതോടെയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വൈറ്റിലയിലെ ബ്യൂട്ടിപാർലറിൽ നിന്നാണ് ജൂലിയെ പിടികൂടിയത്. ജൂലി നൽകിയ വിവരത്തെ തുടർന്നു രഞ്ജിഷിനെയും അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന രണ്ടു പ്രതികൾ കേരളം വിട്ടെന്നാണ് സൂചന. 6 മാസം മുമ്പാണ് പൊയ്യച്ചിറയിൽ ഇവർ വീടു വാടകയ്‌ക്കെടുത്തത്. 25,000 രൂപ പ്രതിമാസം വാടക നിശ്ചയിച്ചിരുന്നു.