പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവത്തിനു കാരണം ഭര്‍ത്താവിന്റെ പീഡനങ്ങളെന്ന് ആരോപണം. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മരിച്ച നജിലയുടെ കുടുംബം ആരോപിച്ചു. ശാരീരിക, മാനസിക പീഡനങ്ങളാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു. റെനീസ് പൊലീസ് ഉദ്യോഗസ്ഥനായതിനാല്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്.
ഇന്നലെ ആലപ്പുഴ എആര്‍ ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു സംഭവം. വണ്ടാനം മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ സിപിഓ റെനീസിന്റെ ഭാര്യ നെജില, മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരാണ് മരിച്ചത്.
രാവിലെ ജോലി കഴിഞ്ഞെത്തിയ റെനീസാണ് മൃതദേഹങ്ങള്‍ കണ്ടത്. ഒന്നര വയസുകാരി മലാലയെ ബക്കറ്റിലെ വെള്ളത്തിലും അഞ്ചു വയസുകാരന്‍ ടിപ്പു സുല്‍ത്താനെ കഴുത്തില്‍ ഷാള്‍ മുറുകിയ നിലയിലുമാണ് കണ്ടെത്തിയത്. നജില ഫാനില്‍ തൂങ്ങി മരിച്ചനിലയിലയിലായിരുന്നു. പൊലീസ് ആസ്വഭാവിക മരണത്തിന് കേസ് എടുത്തു.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് വിവരം. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.