കൊച്ചി: യേശുദാസിനെപ്പോലെ തന്നെ പാടാന്‍ കഴിവുള്ള സഹോദരന്‍. ഒരുകാലത്ത് ഗാനമേളകളില്‍ തിളങ്ങിയ ഗായകന്‍. അതായിരുന്നു കഴിഞ്ഞ ദിവസം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കെ.ജെ.ജസ്റ്റിന്‍.
യേശുദാസിനൊപ്പം അമേരിക്കന്‍ പര്യടനത്തില്‍ വരെ പങ്കെടുത്തട്ടുള്ളയാള്‍. പക്ഷേ, വിധി ജസ്റ്റിന് കരുതി വച്ചിരുന്നത് മറ്റൊന്നായിരുന്നു.
പ്രശസ്തിയുടേയും പണത്തിന്‍റെയുമൊക്കെ ഇടങ്ങളില്‍ നിന്ന് ഏകാന്തതയുടെ തുരുത്തിലേയ്ക്ക് ഒറ്റപ്പെടുകയായിരുന്നു ജസ്റ്റിന്‍. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറിയുള്ള ജീവിതം. ഒടുവില്‍ ദുരൂഹതകള്‍ അവശേഷിപ്പിച്ച് ഗാനഗന്ധര്‍വന്‍റെ സഹോദരന്‍ വിടവാങ്ങി.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതായിരുന്നു ജസ്റ്റിന്‍റെ കുടുംബം. പക്ഷേ, ജീവിതത്തിലുണ്ടായ ദുരന്തങ്ങള്‍ അദ്ദേഹത്തെ വിഷാദരോഗിയാക്കി.
സംഗീതത്തില്‍ നിന്നൊക്കെ വളരെ നാളുകള്‍ക്കു മുമ്പേ അദ്ദേഹം പിന്മാറിയിരുന്നു. മൂത്തമകന്‍റെ അകാലത്തിലുള്ള മരണം അദ്ദേഹത്തെ പിടിച്ചുലച്ചു. പിന്നീട് അധികം ബന്ധങ്ങള്‍ സൂക്ഷിക്കാതെ ഏകാന്ത ജീവിതമായിരുന്നു നയിച്ചത്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും നേരിട്ടിരുന്നു. വാടകവീടുകളിലായിരുന്നു താമസം. യേശുദാസായിരുന്നു കുടുംബത്തെ സഹായിച്ചിരുന്നത്.
ജസ്റ്റിന്‍റെ ഇളയമകന്‍റെ പഠനച്ചെലവും കുടുംബത്തിലെ മറ്റു ചെലവുകളുമക്കെ വഹിച്ചരുന്നത് യേശുദാസായിരുന്നു. എന്നാല്‍ ജസ്റ്റിന്‍റെ ഭാര്യ ജിജിയും രോഗത്തിന് അടിമയായിതോടെ ചികില്‍സയ്ക്കായി ഒട്ടേറെ പണം വേണ്ടിവന്നു. ഇതെല്ലാം ജസ്റ്റിനെ ഏറെ വിഷമത്തിലാക്കി.
പ്രശസ്ത ഗാനനിരൂപകനായ രവി മേനോന്‍ ജസ്റ്റിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. യേശുദാസിനെക്കുറിച്ചുള്ള അതിശയരാഗം എന്ന പുസ്തകത്തിന്‍റെ രചനക്കിടയില്‍ 10 വര്‍ഷം മുമ്പാണ് ജസ്റ്റിനുമായി ബന്ധപ്പെട്ടത്.
ജേഷ്ഠനുമായി ശബ്ദസാമ്യയുണ്ടെന്ന് പലരും പറഞ്ഞിട്ടുള്ള, ആദ്യകാലത്ത് ധാരാളം ഗാനമേളകളില്‍ പാടിയിട്ടുള്ള ജസ്റ്റിന്‍ പിന്നീട് എങ്ങോട്ടു പോയ്മറഞ്ഞു എന്ന് ആള്‍ക്കാര്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു.
“ആരും അറിയാതെ ഞാന്‍ ഇങ്ങനെ ജീവിച്ചു പോകട്ടെ.. ഒതുങ്ങി ജവിക്കാനാണ് എനിക്കിഷ്ടം. സംഗീതമൊക്കെ എന്‍റെ ജീവിത്തിലെ അടഞ്ഞ അധ്യായമാണ്. ആ കാലമൊന്നും എന്‍റെ ഓര്‍മയിലില്ല.’