വിദേശ ജോലിക്ക് ഇനി മുതല്‍ പൊലീസില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല

വിദേശത്തേക്ക് ജോലിക്ക് പോകുന്നവര്‍ക്ക് ഇനി മുതല്‍ സംസ്ഥാന പൊലീസില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് അവകാശമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് തീരുമാനം. ഇത് സംബന്ധിച്ചുളള സര്‍ക്കുലര്‍ സംസ്ഥാന പൊലീസ് മേധാവി ഇറക്കി.

നേരത്തെ ലഭിച്ചിരുന്ന ‘പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്നതിനു പകരം ‘കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്ന സര്‍ട്ടിഫിക്കറ്റാകും ഇനി ലഭിക്കുക. എന്നാല്‍ സംസ്ഥാനത്തിന് അകത്തുളള ജോലിയാവശ്യങ്ങള്‍ക്കാകും ഇത് നല്‍കുക. അപേക്ഷകന്റെ പേരില്‍ ട്രാഫിക്, പെറ്റി കേസുകള്‍ ഒഴികെ ക്രിമിനല്‍ കേസുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. പകരം, അപേക്ഷന്റെ പേരിലുളള കേസ് വിവരങ്ങളടങ്ങിയ കത്താവും ലഭിക്കുക. തെറ്റായ വിവരങ്ങളാണ് അപേക്ഷകന്‍ നല്‍കുന്നതെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കും.

സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി ജില്ലാ പൊലീസ് മേധാവിക്കോ അല്ലെങ്കില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കോ ആണ് അപേക്ഷ നല്‍കേണ്ടത്. 500 രൂപയാവും ഇതിനായി ഈടാക്കുന്നത്. ചിലരാജ്യങ്ങളില്‍ ജോലി ലഭിക്കണമെങ്കില്‍ സ്വഭാവം മികച്ചതാണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വന്നതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി വന്നത്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന വര്‍ക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

കുവൈറ്റിലെ ജോലിക്ക് ഇത്തരം സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നും റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ഇതുനല്‍കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഉദ്ധരിച്ചാണ് കേരള ഹൈക്കോടതി ഉത്തരവിറക്കിയത്.

 

Exit mobile version