പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്

തൃശൂര്‍: ഇന്ന് തൃശൂര്‍ പൂരം. നാടിന്റെ കണ്ണും കാതും ഇനി തൃശൂരിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ നാദ, താള, ദൃശ്യ വിസ്മയത്തിന് തേക്കിന്‍കാട് വേദിയാകും. മഹാമാരിയെ അതിജീവിച്ച ജനത ജാതി, മത അതിരുകളില്ലാതെ ഒറ്റ താളമായി പൂരനഗരിയില്‍ അലിഞ്ഞുചേരും. നാട് ഒന്നാകെ വിശ്വപൂരത്തിനായി ഒഴുകിയെത്തും.

പൂരത്തിന് വിളംബരമായി കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാര്‍ തിങ്കള്‍ പകല്‍ 12.20ന് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര വാതില്‍ തുറന്നതോടെ പൂരത്തിന് തുടക്കമായി ഇന്ന് രാവിലെ എട്ട് ദേശപ്പൂരങ്ങളോടെ എഴുന്നള്ളത്തോടെ മഹാപൂരത്തിന് തുടക്കമാവും. കണിമംഗലം ദേശത്തിന്റെ എഴുന്നള്ളിപ്പ് ആദ്യമെത്തി തെക്കേ ഗോപുരംനട വഴി വടക്കുനാഥ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കും. തുടര്‍ന്ന് പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, പൂക്കാട്ടിക്കര കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, കുറ്റൂര്‍ നെയ്തലക്കാവ് എന്നീ ദേശങ്ങളുടെ ചെറുപൂരങ്ങളും എത്തും.

പകല്‍ പതിനൊന്നോടെ തിരുവമ്പാടി ദേവസ്വത്തിന്റെ പ്രസിദ്ധമായ മഠത്തില്‍വരവ് ആരംഭിക്കും. പഞ്ചവാദ്യത്തിന് കോങ്ങാട് മധു അഞ്ചാംതവണയും പ്രാമാണികനാകും. തുടര്‍ന്നുള്ള മേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാര്‍ 12-ാം തവണ പ്രമാണികനാകും. 12ന് പതിനഞ്ചാനപ്പുറത്ത് പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് തുടങ്ങും. 24-ാം തവണ പെരുവനംകുട്ടന്‍ മാരാര്‍ പ്രാമാണികനാകും.

രണ്ടരയ്ക്ക് മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയോടെ തെക്കോട്ടിറക്കം. ശേഷം കാഴ്ചയുടെ വിസ്മയം വിതറി കുടമാറ്റം.

രാത്രിയില്‍ പകലിന്റെ തനിയാവര്‍ത്തനം. പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യത്തിന് പരയ്ക്കാട് തങ്കപ്പന്‍ പ്രാമാണികനാകും. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് വര്‍ണ്ണ വിസ്മയം തീര്‍ത്ത് കൊണ്ട് വെടിക്കെട്ട്.

Exit mobile version