ഇടിച്ചു നിരത്താനെത്തിയ ബുള്‍ഡോസറുകളെ കൂട്ടായി ചെറുത്ത് ജനം; ഷഹീന്‍ബാഗില്‍ വന്‍ പ്രതിഷേധം, ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചു

പ്രതിഷേധം കടുത്തതോടെ ഷഹീന്‍ബാഗിലെ പൊളിക്കല്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് പൊളിക്കല്‍ നടപടി നിര്‍ത്തിവെച്ചത്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കുടിയൊഴുപ്പിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് പ്രദേശ വാസികളുടെ നേതൃത്വത്തില്‍ ഷെഹീന്‍ബാഗില്‍ നടന്നത്.

രാവിലെ 10.15 ഓടെയാണ് ഷഹീന്‍ബാഗിലെ തിരക്കേറിയ മാര്‍ക്കറ്റിലേക്ക് ബുള്‍ഡോസറുകള്‍ എത്തിയത്. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള പ്രതിഷേധക്കാര്‍ യന്ത്രത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വലിയ പൊലീസ് സന്നാഹത്തോടെ എത്തിയ ബുള്‍ഡോസറുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. നിലത്തു കിടന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളവര്‍ പ്രതിഷേധിച്ചു.

സ്ഥലത്ത് എഎപിയുടെ ഓഖ്ല എംഎല്‍എ അമാനത്തുള്ള ഖാന്‍ സ്ഥലത്തെത്തി. പ്രദേശത്ത് നിലവില്‍ നിയമവിരുദ്ധമായ കെട്ടിടങ്ങള്‍ ഇല്ലെന്നും എല്ലാ കെട്ടിടങ്ങളും തന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്നും ഖാന്‍ വ്യക്തമാക്കി. അതേസമയം, കോര്‍പ്പറേഷന്റെ പൊളിക്കല്‍ നടപടി അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ ബെഞ്ചിന്റെ മുമ്പാകെ വിഷയം അവതരിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ‘അനധികൃത കയ്യേറ്റങ്ങള്‍’ തടയുന്നതിന് ജഹാംഗീര്‍പൂര്‍ മോഡല്‍ നടപടി ഷെഹീന്‍ബാഗിലും സ്വീകരിച്ചത്. ശനിയാഴ്ച കുടിയൊഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മതിയായ സുരക്ഷ സേനയില്ലാത്തതിനാല്‍ അധികൃതര്‍ പിന്മാറുകയായിരുന്നു. പിന്നീട് ഇന്ന് പുലര്‍ച്ചെ ഡല്‍ഹി പൊലീസ് കൂടുതല്‍ സുരക്ഷാ സേനയെ അയച്ചതോടെയാണ് പൊളിക്കല്‍ നടപടി ആരംഭിച്ചത്. ഇതോടെ പ്രദേശ വാസികളുടെ പ്രതിഷേധം കടുക്കുകയായിരുന്നു.

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന കൈയേറ്റ നിര്‍മാര്‍ജ്ജന പദ്ധതിയാണ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയത്. രോഹിംഗ്യന്‍, ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ ഒഴിപ്പിക്കണമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മേയര്‍ക്ക് കത്തയച്ചിരുന്നു. കയ്യേറ്റം അവസാനിപ്പിക്കുക എന്നതിന്റെ മറവില്‍ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കാനാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ മാസം 20, 21 തിയതികളിലായാണ് ഡല്‍ഹിയിലെ ജഹാംഗീര്‍ പൂരിയിലും കുടിയൊഴിപ്പിക്കല്‍ നടന്നത്. ബിജെപി ഭരിക്കുന്ന നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് കയ്യേറ്റം ഒഴിപ്പിക്കല്‍ പദ്ധതി നടപ്പാക്കിയത്. എന്നാല്‍ പൊളിക്കല്‍ നടപടിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുണ്ടായി. തുടര്‍ന്ന് കോര്‍പ്പറേഷന്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. എന്നാല്‍ കോടതി ഉത്തരവ് വന്നിട്ടും നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ അധികാരികള്‍ തയ്യാറായിരുന്നില്ല. പൊളിക്കല്‍ നടപടിക്കെതിരായുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

 

Exit mobile version