കേരളത്തില്‍ ലൗ ജിഹാദുണ്ട്; തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥികളല്ല സഭയാണ് താരം, ബിജെപി നിലപാടിനെ അനുകൂലിച്ച് വെള്ളാപ്പള്ളി

തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥികളല്ല, മറിച്ച് സഭയാണ് താരമെന്നും കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ മതപരിവര്‍ത്തനം കാര്യമായിത്തന്നെ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എസ്എന്‍ഡിപിയുടെ നിലപാട് എല്ലാവര്‍ക്കും അറിയാം.

മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ആരും താരമല്ല, സഭയാണ് താരം. സഭ വിളങ്ങി തിളങ്ങി നില്‍ക്കുകയാണ്. എന്നാല്‍ കുറച്ച് ദിവസം കഴിയുമ്പോള്‍ സഭയെ താഴെവെച്ച് സ്ഥാനാര്‍ഥികളെ താരം ആക്കിയേക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് എസ്എന്‍ഡിപിയുടെ പിന്തുണയെന്ന കാര്യം പുറത്ത് പറയേണ്ടതില്ല. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്റേത് സൗഹൃദസ ന്ദര്‍ശനമാണ്, എന്നും വെള്ളാപ്പള്ളി പറഞ്ഞു.

ലൗ ജിഹാദില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ കൈക്കൊണ്ട നിലപാടിന് സമാനമായ അഭിപ്രായമാണ് വെള്ളാപ്പള്ളിയും പറഞ്ഞത്. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ പരസ്യ നിലപാട് പ്രഖ്യാപിക്കില്ലെന്ന സന്ദേശമാണ് വെള്ളാപ്പള്ളി തന്നത്. ഇക്കാര്യത്തില്‍ ആര്‍ക്കൊപ്പമാണ് എസ്എന്‍ഡിപിയെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ ഉത്തരം നല്‍കിയിയതുമില്ല.

തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ വെളളാപ്പളളിയെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ വീട് തനിക്ക് തറവാട് പോലെയാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനുമാണ് എത്തിയതെന്നുമായിരുന്നു സന്ദര്‍ശനത്തെ കുറിച്ച് എഎന്‍ രാധാകൃഷ്ണന്റെ പ്രതികരണം. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ 20-20 ആപ് മത്സരിക്കാന്‍ ഇല്ലാത്തത് ഗുണകരമായെന്നും, ത്രികോണ മത്സരത്തില്‍ ഇത് ഗുണം ചെയ്യുമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ് എം. സ്വരാജ് രംഗത്തെത്തിയിരുന്നു. തൃക്കാക്കരയില്‍ ജയിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കണക്കുകൂട്ടി. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനേ നേരിടാമെന്ന ധാരണ പാളിപ്പോയെന്ന് ഇപ്പോള്‍ വിഡി സതീശന് ബോധ്യപ്പെട്ടെന്നും എം സ്വരാജ് പറഞ്ഞു.

 

Exit mobile version