കൊച്ചി: വ്യാജ കഥ പ്രചരിപ്പിച്ചു സോഷ്യൽ മീഡിയയിൽ താരമാകാൻ ശ്രെമിച്ചതു കൊച്ചിയിലെ യുവാവിന് വിനയായി. ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഇടിച്ച് മൂക്ക് തകർത്തു എന്ന വ്യാജ സന്ദേശം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് തൃശൂർ സ്വദേശി അലനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടത്.
അലന്റെ ബന്ധുക്കളെ വിളിച്ചു വരുത്തിയാണ് ജാമ്യത്തിൽ വിട്ടത്. കേസ് എടുത്തതിനു പുറമേ താക്കീതും നൽകിയിട്ടുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നായക പരിവേഷത്തോടെ നേരിട്ട് ഇടിച്ച് മൂക്ക് തകർത്തു എന്നാണ് അലൻ വാട്‌സ് അപ്പ് സന്ദേശത്തിൽ പറഞ്ഞത്. പെൺകുട്ടി ഭയന്നു ഓടിപ്പോയപ്പോൾ മൂക്ക് തകർത്തയാൾ പരാതിയുമായി ഇറങ്ങിയിട്ടുണ്ട്. ഈ പെൺകുട്ടി വെളിച്ചത്ത് വന്നില്ലെങ്കിൽ തനിക്കെതിരെ കേസ് വരുമെന്നും പാസ്‌പോർട്ട് തടഞ്ഞുവയ്ക്കാൻ സാധ്യതയുണ്ടെന്നുമാണ് അലൻ ഓഡിയോ സന്ദേശത്തിൽ പറഞ്ഞത്. ഓഡിയോ സന്ദേശം വൈറലായതോടെ റെയിൽവേ പൊലീസിനും പൊലീസിനുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം വന്നു. അലന് താരപരിവേഷവും ലഭിച്ചു.
കഴിഞ്ഞ മുപ്പത്തിയൊന്നിനാണ് ട്രെയിൻ യാത്രക്കാരെ പരിഭ്രാന്തരാക്കും വിധം അലന്റെ വാട്‌സ് അപ്പ് സന്ദേശം പരന്നത്. തൃശൂരുനിന്നും എറണാകുളത്തേക്ക് വരുന്ന ട്രെയിനിലാണ് പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടന്നത് എന്നാണ് അലൻ പറഞ്ഞത്. ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ മിക്കവരും അവിടെ ഇറങ്ങി. തന്റെ സീറ്റിന്നടുത്ത് 20 വയസ് പ്രായമുള്ള പെൺകുട്ടി ഇരുന്നിരുന്നു. ഇതിന്നിടെ 40-45 വയസ് പ്രായമുള്ള മധ്യവയസ്‌ക്കൻ ട്രെയിനിൽ കയറി. മറ്റു സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും ഇയാൾ പെൺകുട്ടിയുടെ അടുത്താണ് ഇരുന്നത്. നോർത്തിൽ നിർത്തിയ ട്രെയിൻ സൗത്തിലെക്ക് പുറപ്പെട്ടപ്പോൾ ആളൊഴിഞ്ഞ ഭാഗത്ത് സിഗ്‌നൽ കിട്ടാത്തതിനെ തുടർന്ന് നിർത്തി. ഈ സമയം മധ്യവയസ്‌ക്കൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറിപ്പിടിച്ചു.
പെൺകുട്ടിയെ ആക്രമിക്കാനുള്ള ശ്രമം കണ്ടപ്പോൾ എന്റെ ടെംപർ തെറ്റി. താൻ ഓടിയെത്തി അയാളെ മർദ്ദിച്ചു. മൂക്കിന്റെ പാലത്തിനു മുറിവേറ്റതിനെ തുടർന്ന് അയാളുടെ മൂക്കിൽ നിന്നും രക്തം ഒഴുകി. ഇതു കണ്ടു ഭയന്ന പെൺകുട്ടി നിർത്തിയിരുന്ന ട്രെയിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടി. ട്രെയിൻ സൗത്തിൽ എത്തിയപ്പോൾ യാത്രക്കാരനെ പ്ലാറ്റ് ഫോമിലെ പൊലീസുകാരനെ ഏൽപ്പിച്ചു. എന്നാൽ മൂക്കിൽ നിന്നും രക്തമൊഴുകുന്ന അക്രമിയുടെ വാക്കുകൾ ആണ് പൊലീസ് വിശ്വസിച്ചത്. തനിക്കെതിരെ വധശ്രമത്തിനു കേസ് എടുക്കുമെന്ന് അറിയിച്ചു. അലൻ വിവരിക്കുന്നു.
കേസിൽ നിന്ന് എനിക്ക് രക്ഷപ്പെടണമെങ്കിൽ പെൺകുട്ടിയെയോ മറ്റു സാക്ഷികളെയോ ഹാജരാക്കണം. പെൺകുട്ടി ആരെന്നു എനിക്കറിയില്ല. കേസിൽ കുടുങ്ങിയാൽ പാസ്‌പോർട്ട് ഉൾപ്പെടെ തടഞ്ഞു വയ്ക്കാൻ സാധ്യത ഏറെയാണ്. ഈ പെൺകുട്ടിയെ കണ്ടെത്താൻ സോഷ്യൽ മീഡിയ സഹായിക്കണം-വീര പരിവേഷത്തോടെയുള്ള വിവരണത്തിനു ശേഷം അപേക്ഷയുടെ സ്വരത്തിലുള്ള അലന്റെ വിവരണം ഇങ്ങിനെയാണ്.
ചോദ്യം ചെയ്തതോടെ അലൻ കുറ്റമേറ്റു. സന്ദേശം വ്യാജമാണെന്ന് അലൻ സമ്മതിച്ചു. ഇങ്ങിനെ ഒരു സംഭവം നടന്നിട്ടില്ലെന്നും അലൻ മൊഴി നൽകി. ഇതോടെ സെൻട്രൽ പൊലീസ് ബന്ധുക്കളെ വിളിച്ചു വരുത്തി കേസ് ചാർജ് ചെയ്തു. രാത്രിയോടെ മജിസ്‌ട്രേട്ടിന് മുൻപിൽ ഹാജരാക്കി. പിന്നീട് ജാമ്യം ലഭിച്ചു
