താന്‍ പി.സി. ജോര്‍ജിന്റെ ആളല്ലെന്ന് ജോ ജോസഫ്

തനിക്ക് ഏറെ അടുപ്പമുള്ളയാളാണെന്ന ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജിന്റെ പ്രതികരണത്തില്‍ മറുപടിയുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. താന്‍ പി.സി. ജോര്‍ജിന്റെ ആളല്ലെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. പി.സി. ജോര്‍ജുമായി ഒരു വിവാഹത്തില്‍ കണ്ടുമാത്രമുള്ള പരിചയമേയുള്ളു. താന്‍ സിപിഐഎം അംഗമെന്നും ജോ ജോസഫ് പറഞ്ഞു.

താനൊരു പൂഞ്ഞാറുകാരനാണ്. അദ്ദേഹം അവിടെ വര്‍ഷങ്ങളായി എംഎല്‍എയായിരുന്നു. ഇരുവര്‍ക്കും പരസ്പരം അറിയാമെന്നായിരുന്നു ജോ ജോസഫിന്റെ പ്രതികരണം.

‘ഗ്രാമപ്രദേശത്ത് ജീവിച്ചു വളര്‍ന്നയാള്‍ എന്ന നിലയില്‍ എല്ലായിടത്തും വരുന്നയാളാണ് പി സി ജോര്‍ജ്. അങ്ങനെയുള്ള പരിചയമാണ് പി സി ജോര്‍ജുമായിട്ടുള്ളത്. നാട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് രോഗികളെ അയച്ച് അദ്ദേഹം വിളിക്കാറുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെ ചികിത്സക്ക് അയക്കുമ്പോഴും വിളിക്കും. അദ്ദേഹത്തിന്റെ അവകാശവാദത്തില്‍ കൂടുതല്‍ പ്രതികരണം പാര്‍ട്ടി നല്‍കും.’ ജോ ജോസഫ് പറഞ്ഞു. ഷാനിമോള്‍ ഉസ്മാന് മറുപടിയില്ലെന്നും നെഗറ്റീവ് രാഷ്ട്രീയത്തോട് വിയോജിപ്പാണെന്നും ജോ ജോസഫ് പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്റെ സ്വന്തം ആളാണെന്നായിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്. നേരത്തെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു ഉമ്മ തന്നിരുന്നു. ജോ ജോസഫിന്റെ കുടുംബം മുഴുവന്‍ കേരള കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോണ്‍ഗ്രസിന്റെ അടുത്ത ബന്ധുവാണെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.

 

Exit mobile version