ജോ ജോസഫിന് പാര്‍ട്ടിയുമായി ബന്ധമില്ല, ആകെയുള്ള ബന്ധം അദ്ദേഹത്തിന്റെ ഹൃദയം ഇടത് ഭാഗത്താണ്; യുഡിഎഫിന് വിജയ സാധ്യത ഏറിയെന്ന് കെ സുധാകരന്‍

ഡോ. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ എല്‍ഡിഎഫില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് കെ.സുധാകരന്‍. പാര്‍ട്ടിക്ക് വേണ്ടി പോരാടുന്ന അരുണ്‍ കുമാറിനെ ഒഴിവാക്കി ആര്‍ക്കും അറിയാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയത് അഭിപ്രായ ഭിന്നതയാണ് സൂചിപ്പിക്കുന്നതെന്ന് കെ.സുധാകരന്‍ പറഞ്ഞു. ഈ അഭിപ്രയ വ്യത്യാസം കാരണം യുഡിഎഫിന് വിജയ സാധ്യത ഏറിയെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

‘ജോ ജോസഫിന് ഇടത് പക്ഷവുമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ ഹൃദയം ഇടതു ഭാഗത്താണ് എന്നത് മാത്രമാണ് ഇടത് പക്ഷവുമായി അദ്ദേഹത്തിനുള്ള ഏക ബന്ധം’- കെ സുധാകരന്‍ പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബാഹ്യ സമ്മര്‍ദമുണ്ട്, എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭ ഇടപെട്ടുവെന്ന് കരുതുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. സഭയ്ക്ക് എല്‍ഡിഎഫിനെ പിന്തുണയ്ക്കാനാവില്ല. തൃക്കാക്കരയിലേത് പേയ്മെന്റ് സീറ്റാകാന്‍ സാധ്യതയുണ്ട്. ഇത്രയും കമ്മീഷന്‍ വാങ്ങുന്ന വേറെ ഏത് പാര്‍ട്ടിയുണ്ടെന്ന് കെ സുധാകരന്‍ ചോദിക്കുന്നു.

കെ.വി തോമസിന് എന്തുമാകാമെന്നും, അദ്ദേഹത്തിന് പിന്തുണയ്ക്കുകയോ പിന്തുണയ്ക്കാതിരിക്കുകയോ ചെയ്യാമെന്ന് കെ സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തെ കോണ്‍ഗ്രസ് ഒഴിവാക്കി, കെവി ഉള്ളതും ഇല്ലാത്തതും കോണ്‍ഗ്രസിന് സമമാണെന്നും സുധാകരന്‍ പറഞ്ഞു.

 

Exit mobile version