ഇടത് മുന്നണിയിലും ബിജെപിയിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ രണ്ടാം ദിവസത്തെ പ്രചാരണ പരിപാടികളിലേക്ക് കടന്ന് തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. പാര്‍ട്ടി ചാര്‍ട്ട് ചെയ്തതനുസരിച്ചാണ് പ്രചരണ പരിപാടികള്‍. ‘മണ്ഡലത്തിലുള്ളവര്‍ പി.ടി തോമസിനായി ഒരു വോട്ട് നല്‍കുമെന്നാണ് പ്രതീക്ഷ’ ഉമാ തോമസ് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം എല്‍ഡിഎഫിനെയും യുഡിഎഫിനെയും സംബന്ധിച്ച് ഒരുപോലെ നിര്‍ണായകമാണ്. തൃക്കാക്കര പിടിച്ചാല്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം പിണറായി സര്‍ക്കാരിനുള്ള ജനകീയ അംഗീകാരമായി എല്‍ഡിഎഫിന് അത് ഉയര്‍ത്തിക്കാട്ടാം. യുഡിഎഫിന് ഉറച്ച കോട്ട കാക്കുക എന്നതിനപ്പുറം പുതു നേതൃത്വത്തിന്റെയും സില്‍വര്‍ലൈന്‍ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിര്‍ണ്ണയിക്കുന്നത് കൂടിയാകും തൃക്കാക്കര പോര്.
നിലവില്‍ 99 സീറ്റുണ്ട് ഇടതു മുന്നണിക്ക്. തൃക്കാക്കര കൂടി ഇടത്തേക്ക് ചാഞ്ഞാല്‍ ഫാന്‍സി നമ്പരായ 100ലേക്ക്. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ജയിച്ചാല്‍ സര്‍ക്കാരിനുള്ള അംഗീകാരമായി എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടും. കൊവിഡ് കൊണ്ടുവന്ന തുടര്‍ ഭരണമെന്ന പ്രതിപക്ഷ പ്രചരണങ്ങളുടെ മുനയൊടിക്കാമെന്നതിനൊപ്പം സില്‍വര്‍ലൈന്‍ അടക്കമുള്ള വിഷയങ്ങളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി തല്‍ക്കാലത്തേക്കെങ്കിലും ഒഴിയുകയും ചെയ്യും.
ഉറച്ച മണ്ഡലം നിലനിര്‍ത്തുകയെന്നതാണ് യുഡിഎഫ് ലക്ഷ്യം. വി.ഡി. സതീശനും, കെ. സുധാകരനും ചേര്‍ന്ന പുതു നേതൃത്വത്തിന്റെയും സില്‍വര്‍ലൈന്‍ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിര്‍ണ്ണയിക്കുന്നത് കൂടിയാകും യുഡിഎഫിന് തൃക്കാക്കര പോര്.
