കൊച്ചി: നടന്‍ വിജയ് ബാബുവിനെതിരായ പീഡനക്കേസില്‍ സാക്ഷികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു. പീഡനം നടന്ന സ്ഥലങ്ങളില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തും. വിജയ് ബാബുവിനെ സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി.
പീഡനം നടന്ന അഞ്ചു സ്ഥലങ്ങളിലും പൊലീസ് ആദ്യഘട്ട തെളിവെടുപ്പും തെളിവ് ശേഖരണവും നടത്തിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ഒരുങ്ങുന്നത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കും. വിദേശത്തുള്ള വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാകാത്തതാണ് പ്രധാന പ്രതിസന്ധി. ഇയാളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. വിജയ് ബാബുവിന്റെ പനമ്പിള്ളി നഗറിലെ വസതിയില്‍ അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തിയിരുന്നു.
ഇന്നലെ ചേര്‍ന്ന ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ വിജയ് ബാബുവിനെതിരെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു.
ഐ.സി.സിയുടെ റിപ്പോര്‍ട്ടിന്റെയും വിജയ് ബാബു നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. നിരപരാധിത്വം തെളിയുന്നത് വരെ മാറി നില്‍ക്കുന്നതായി വിജയ് ബാബു അറിയിച്ചെന്നാണ് ‘അമ്മ’ നല്‍കുന്ന വിശദീകരണം. ‘അമ്മ’യുടെ ഭരണഘടന പ്രകാരം എല്ലാ അംഗങ്ങള്‍ക്കും സ്ഥിരാംഗത്വമാണ് ഉള്ളത്. അതുകൊണ്ട് അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ അധികാരമില്ല. ഇതോടെയാണ് വിജയ് ബാബുവിനെതിരായ നടപടി തരം താഴ്ത്തുന്നതില്‍ ഒതുങ്ങിയത്.
