വിദ്വേഷ പ്രസംഗ കേസ്: പി.സി ജോര്‍ജിനെതിരെ തെളിന് ശേഖരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ഊര്‍ജിതമാക്കി; കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ പൊലിസിന് സര്‍ക്കാറിന്റെ നിര്‍ദേശം

വിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജിന് ജാമ്യം ലഭിച്ചെങ്കിലും തെളിവ് ശേഖരണം അടക്കമുള്ള അന്വേഷണ നടപടികളുമായി മുന്നോട്ടു പോവുകയാണ് പോലീസ്. പരാമാവധി തെളിവ് ശേഖരണമാണ് പോലീസ് ലക്ഷ്യം വെയ്ക്കുന്നത്. അതേ സമയം പി.സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കുന്നത് കൃത്യമായ നിയമോപദേശത്തിനു ശേഷം മാത്രമായിരിക്കും.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി ജാമ്യം നല്‍കിയത് സര്‍ക്കാറിന് തിരിച്ചടിയായിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടും ജാമ്യം കിട്ടിയതിനെ പൊലിസ് ഗൗരവമായാണ് കാണുന്നത്. കേസില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതുകൊണ്ട് കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനാണ് പൊലീസിന്റെ നീക്കം.

കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചെങ്കിലും വിദ്വേഷ പ്രസംഗ കേസില്‍ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു കൊണ്ട് പോവുകയാണ് ഫോര്‍ട്ട് പോലീസ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി. ജോര്‍ജ്ജിന്റെ വിവാദ പ്രസംഗം എന്നതിനാല്‍ സാക്ഷി മൊഴി എന്ന സാധ്യത പോലീസ് കാര്യമാക്കുന്നില്ല. എന്നാല്‍ മറ്റു തെളിവുകള്‍ പരമാവധി ശേഖരിക്കുന്നുമുണ്ട്. വീഡിയോ ദൃശ്യങ്ങള്‍, സ്ഥല വിവരം, സംഘാടന വിവരം എന്നിവ പോലീസ് ഇതിനോടകം തന്നെ ശേഖരിച്ചിട്ടുണ്ട്. കൂടാതെ ശക്തമായ വകുപ്പുകള്‍ ചുമത്തിയിട്ടും കോടതി ജാമ്യം അനുവദിച്ചതിനാല്‍ നിയമ സാധ്യതകളും പൊലീസ് തേടുന്നു.

പി.സി. ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യല്‍ ഫാസ്റ്റ് കല്‍സ് മജിസ്ട്രേറ്റ് കോടതി കര്‍ശന ജാമ്യ വ്യവസ്ഥകള്‍ വെച്ചിരുന്നു. ഏതെങ്കിലും വേദികളില്‍ അത് ലംഘിക്കപ്പെടുന്നോയെന്നും പോലീസ് നിരീക്ഷിച്ച വരികയാണ്. കോടതി അവധിയായതിനാല്‍ ചൊവ്വാഴചയാകും ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുക. അത് ലഭിച്ച ശേഷം അപ്പീല്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും. അതേ സമയം പി.സി. ജോര്‍ജ്ജിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവങ്ങളും വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. ബിജെപി പിന്തുണയടക്കം ലഭിച്ച സാഹചര്യത്തില്‍ പി.സി. ജോര്‍ജ്ജിന്റെ തുടര്‍ നീക്കങ്ങളും നിര്‍ണ്ണായകമാണ്.

Exit mobile version