കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് കെ.വി തോമസിനെ നീക്കി; എഐസിസി അംഗത്വത്തില്‍ തുടരും, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തുകയെന്ന തന്ത്രം പയറ്റി നേതൃത്വം

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും കെപിസിസി നിര്‍വാഹക സമിതിയില്‍ നിന്നും കെ.വി തോമസിനെ നീക്കി. കെ.വി തോമസിനെതിരെ കടുത്ത നടപടിയില്ല. എഐസിസി അംഗത്വത്തില്‍ തന്നെ തുടരും.

കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി കെ സി വേണുഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു. പദവികളില്‍ നിന്ന് കെ വി തോമസിനെ മാറ്റി നിര്‍ത്താനായിരുന്നു തീരുമാനം. എന്ത് നടപടി വേണമെന്നത് അച്ചടക്ക സമിതിയാണ് നിര്‍ദേശിച്ചതെന്നും, ആ നിര്‍ദേശം കോണ്ഗ്രസ് അധ്യക്ഷ അംഗീകരിച്ച പശ്ചാത്തലത്തില്‍ കെ വി തോമസ് അധ്യായം അവസാനിച്ചുവെന്നും കെസി വേണുഗോപാല്‍ അറിയിക്കുകയായിരുന്നു.

കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സിപിഐഎം സമ്മേളനത്തില്‍ പങ്കെടുത്തതിനാണ് നടപടി. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും പിസിസി എക്‌സിക്യൂട്ടീവില്‍ നിന്നും നീക്കാനാണ് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തത്.

കെപിസിസി ആവശ്യപ്പെട്ട കടുത്ത നടപടികളിലേക്ക് പോയാല്‍ പാര്‍ട്ടി വിടുന്നതിന് കെ.വി തോമസിന് തന്നെ അവസരമൊരുക്കലായി മാറുമെന്ന് ഹൈക്കമാന്റിന് വിലയിരുത്തലുണ്ട്. കൂടാതെ വിഷയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ സിപിഐഎമ്മിന് അവസരം ലഭിക്കുമെന്നും കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തുകയെന്ന തന്ത്രമാണ് നേതൃത്വം പയറ്റുന്നത്.

 

Exit mobile version