സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ പിഴ

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇനി മുതല്‍ പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വന്നത്. പിഴത്തുക എത്രയാണെന്ന് ഉത്തരവില്‍ പറയുന്നില്ല.

ദുരന്ത നിവാരണ നിയമ പ്രകാരമാണ് പുതിയ ഉത്തരവ്. കോവിഡ് വ്യാപന തീവ്രത കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് മാര്‍ച്ച് മുതല്‍ കേന്ദ്രം അയവു വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്‌ക് ധരിക്കാത്തതിന് പിഴയീടാക്കിയിരുന്നില്ല. എന്നാല്‍ പല സംസ്ഥാനങ്ങളിലും കോവിഡ് വീണ്ടും വ്യാപിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ കോവിഡ് തീവ്രവ്യാപനമില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്.

രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം ചേരും. രാജ്യത്ത് നാലാംതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേരുന്നത്. സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍ പ്രധാനമന്ത്രി വിലയിരുത്തും.

പ്രതിദിന കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡല്‍ഹി, കേരളം, മഹാരാഷ്ട്ര, യുപി, ഹരിയാന സംസ്ഥാനങ്ങളില്‍ പുതിയ വകഭേദത്തിന്റെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയേക്കും. 12 വയസിന് മുകളിലുള്ള കുട്ടികളുടെയും ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവരുടെയും വാക്‌സിനേഷന്‍ മന്ദഗതിയില്‍ തുടരുന്നതില്‍ കേന്ദ്രത്തിന് ആശങ്ക ഉണ്ട്. ഇത് എത്രയും വേഗം പരിഹരിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.

മാസ്‌ക് ഉള്‍പ്പെടെയുള്ള അവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സംസ്ഥാനങ്ങള്‍ അത് തിരികെ കൊണ്ടുവരണമെന്ന നിര്‍ദേശവും പ്രധാനമന്ത്രി യോഗത്തില്‍ മുന്നോട്ട് വെക്കും.

Exit mobile version