സില്‍വര്‍ലൈന്‍ സംവാദത്തില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മയും ആര്‍ ശ്രീധറും പിന്‍മാറി. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നുവെന്നാണ് അലോക് വര്‍മ പറഞ്ഞത്.
സില്‍വര്‍ലൈനെ എതിര്‍ക്കുന്ന രണ്ട് പേരാണ് നിലവില്‍ സംവാദത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നത്. സംവാദത്തില്‍ വ്യക്തത വേണമെന്ന ആവശ്യത്തില്‍ മറുപടി ലഭിക്കാതിരുന്നതോടെയാണ് അലോക് വര്‍മ പിന്‍മാറിയത്. സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് മെയില്‍ അയച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണനും പങ്കെടുക്കുന്നില്ല. ഇക്കാര്യം ശ്രീധര്‍ കെ-റെയിലിനെ അറിയിച്ചു.
സംവാദം നടത്തേണ്ടത് കെ-റെയില്‍ അല്ല സര്‍ക്കാരാണെന്ന് അലോക് വര്‍മ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിലും അലോക് വര്‍മയ്ക്ക് അതൃപ്തിയുണ്ട്. സംവാദം നടത്തുന്നത് സര്‍ക്കാരാണെന്നായിരുന്നു നേരത്തെ തന്നെ ധരിപ്പിച്ചിരുന്നതെന്ന് ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന പരിപാടിയായതിനാലാണ് സംവാദത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തന്നെ ക്ഷണിച്ചത് കെ-റെയിലാണെന്നും ക്ഷണക്കത്ത് പോലും ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പദ്ധതിയുടെ അനുകൂല വശം ജനങ്ങളെ ബോധിപ്പിക്കാന്‍ സംവാദം എന്നാണ് ക്ഷണക്കത്തിലെ പരാമര്‍ശം. ഇത് ഏകപക്ഷീയവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സില്‍വര്‍ ലൈന്‍ സംവാദത്തില്‍ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ വിവാദം.
അതിനിടെ കെ റെയില്‍ സംവാദത്തില്‍ പങ്കെടുക്കുമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ.ആര്‍.വി.ജി മേനോന്‍ പറഞ്ഞു. അലോക് വര്‍മ പിന്മാറുന്നതില്‍ ഖേദമുണ്ടെന്നും അഭിപ്രായം അറിയിക്കാനുള്ള വേദിയെന്ന നിലയില്‍ സംവാദത്തെ ഉപയോഗപ്പെടുത്തുമെന്നും ആര്‍.വി.ജി മേനോന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും തണുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്, എതിര്‍സ്വരമുയര്‍ത്തുന്നവരെക്കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സംവാദത്തിന് മുന്‍കൈ എടുത്തത്. എന്നാല്‍, വെളുക്കാന്‍ തേയ്ച്ചത് പാണ്ടായി എന്ന സ്ഥിതിയിലാണ് ഇപ്പോള്‍ സര്‍ക്കാരും കെ റെയിലും. വിമര്‍ശകരില്‍ പ്രധാനിയായ അലോക് വര്‍മയും പാനലിലുള്‍പ്പെട്ട ശ്രീധര്‍ രാധാകൃഷ്ണനും സംവാദത്തില്‍ നിന്ന് പിന്മാറുന്നതായി ചീഫ് സെക്രട്ടറിയെയും കെ റെയില്‍ അധികൃതരെയും അറിയിച്ചു. സംവാദത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് അലോക് വര്‍മ ചീഫ് സെക്രട്ടറിക്കയച്ച കത്തിന് മറുപടി കിട്ടാതെ വന്നതോടെയാണ് എതിര്‍ക്കുന്നവരുടെ പാനലിലുള്‍പ്പെട്ട രണ്ടുപേരുടെയും പിന്മാറ്റം. ജോസഫ് സി മാത്യുവിനെ ഏകപക്ഷീയമായി പാനലില്‍ നിന്ന് ഒഴിവാക്കിയതിലും പ്രതിഷേധം ശക്തമായിരുന്നു
അതേസമയം, വിയോജിപ്പുകളുണ്ടെങ്കിലും സംവാദത്തില്‍ പങ്കെടുക്കുമെന്ന് ആര്‍ വി ജി മോനോന്‍ അറിയിച്ചു. എതിര്‍പ്പ് അറിയിക്കാനുളള വേദിയായി സംവാദത്തെ കാണുമെന്നും ആര്‍ വി ജി മോനോന്‍ അറിയിച്ചു. പാനലിസ്റ്റുകള്‍ പിന്മാറിയെങ്കിലും നിശ്ചയിച്ച പ്രകാരം സംവാദവുമായി മുന്നോട്ട് പോകാനാണ് കെ റെയില്‍ തീരുമാനം.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ താജ് വിവാന്തയിലാണ് സംവാദം നിശ്ചയിച്ചിരിക്കുന്നത്. 50 പേര്‍ പങ്കെടുക്കുന്ന സംവാദത്തില്‍ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാന്‍ മൂന്ന് വീതം വിഷയ വിദഗ്ധരും ഉണ്ടാകും. ഓരോരുത്തര്‍ക്കും 10 മിനിറ്റ് വീതമാകും സംസാരിക്കാന്‍ സമയം ലഭിക്കുക. ദേശീയ റെയില്‍വേ അക്കാദമയിലെ വകുപ്പുമേധാവി മോഹന്‍ എ. മേനോനാണ് മോഡറേറ്റര്‍. റെയില്‍വേ ബോര്‍ഡ് ടെക്നിക്കല്‍ അംഗവും മധ്യ റെയില്‍വേ ജനറല്‍ മാനേജരുമായിരുന്ന സുബോധ് കാന്ത് ജെയിന്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ. കുഞ്ചറിയ പി. ഐസക്ക്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവരാണ് പദ്ധതിയെ അനുകൂലിച്ച് സംസാരിക്കുക.
അലോക് വര്‍മ, ഡോ. ആര്‍.വി.ജി മേനോന്‍, പരിസ്ഥിതി ഗവേഷകനായ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് എതിര്‍ത്ത് സംസാരിക്കേണ്ടിയിരുന്നത്. ജോസഫ് സി മാത്യുവിന് പകരമാണ് ശ്രീധര്‍ രാധാകൃഷ്ണനെ ഉള്‍പ്പെടുത്തിയിരുന്നത്. ഡോ. ആര്‍.വി.ജി മേനോന്‍ മാത്രമാണ് നിലവില്‍ കെ റെയില്‍ പദ്ധതിയെ എതിര്‍ത്ത് സംവാദത്തില്‍ പങ്കെടുക്കുന്നത്.
അതേസമയം, പ്രതിപക്ഷം വിഷയം രാഷ്ട്രീയായുധമാക്കിയിട്ടുണ്ട്. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുളള തട്ടിക്കൂട്ട് സംവാദമെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ വിമര്‍ശനം. സംവാദത്തെ സര്‍ക്കാര്‍ പ്രഹസനമാക്കിയെന്ന് പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി.
എതിര്‍പ്പുയര്‍ത്തുന്നവര്‍ക്ക് വിയോജിപ്പ് രേഖപ്പെടുത്താന്‍ വേദിയൊരുക്കിയിട്ടും അവര്‍ പിന്മാറിയെന്ന് ചൂണ്ടിക്കാട്ടിയാകും നിലവിലെ പ്രതിസന്ധിയെ സര്‍ക്കാര്‍ പ്രതിരോധിക്കുക.