സില്‍വര്‍ ലൈന്‍ സംവാദം അനിശ്ചിതത്വത്തില്‍; വിയോജിപ്പുമായി അലോക് വര്‍മ്മ

സര്‍ക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കില്‍ സില്‍വര്‍ ലൈന്‍ സംവാദത്തിന് വരില്ലെന്ന് സാങ്കേതിക വിദഗ്ധന്‍ അലോക് കുമാര്‍ വര്‍മ്മ. ക്ഷണക്കത്ത് അയക്കേണ്ടത് കെ റയില്‍ അല്ലെന്നും സര്‍ക്കാരാണെന്നുമാണ് അലോക് വര്‍മ്മയുടെ നിലപാട്. പദ്ധതിയുടെ അനുകൂല വശം ചര്‍ച്ച ചെയ്യാനെന്ന ക്ഷണക്കത്തിലെ പരാമര്‍ശം പിന്‍വലിക്കണമെന്നും ഉച്ചയ്ക്ക് മുമ്പ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംവാദത്തില്‍ നിന്ന് പിന്മാറുമെന്നാണ് അലോക് കുമാര്‍ വര്‍മ്മയുടെ നിലപാട്.

നേരത്തെ സര്‍ക്കാര്‍ സംവാദം സംഘടിപ്പിക്കുമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും അറിയിച്ചത്. പക്ഷെ ഇന്നലെ വന്ന ക്ഷണ കത്ത് അയച്ചിരിക്കുന്നത് കെ റെയിലാണ്. മാത്രമല്ല കെ റെയില്‍ പദ്ധതിയുടെ ഗുണ വശങ്ങള്‍ ജനങ്ങളെ ബോധിപ്പിക്കാനുള്ള ചര്‍ച്ച എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ഏകപക്ഷിയമായ ഒരു നിലപാട് കെ റെയില്‍ തന്നെ എടുക്കുകയാണെന്നും സര്‍ക്കാര്‍ നടത്താനുദ്ദേശിച്ച സംവാദം കെ റെയില്‍ നടത്തുന്നത് ചടങ്ങ് തീര്‍ക്കല്‍ മാത്രമാണെന്നും അലോക് വര്‍മ ആരോപിക്കുന്നു.

ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയോ മറ്റൊരു പ്രതിനിധിയോ കത്തയക്കണമെന്നും ഇന്നുച്ചയക്ക് മുമ്പ് തീരുമാനം വ്യക്തമാക്കണമെന്നുമാണ് അലോക് വര്‍മ കത്തില്‍ ആവശ്യപ്പെടുന്നത്. പാനല്‍ ചര്‍ച്ചയില്‍ നിന്ന് ജോസഫ് സി മാത്യൂവിനെ ഒഴിവാക്കിയതിലും കത്തില്‍ വിമര്‍ശനമുണ്ട്.

ഇടതു വിമര്‍ശകന്‍ ജോസഫ് സി. മാത്യുവിനെ സംവാദത്തില്‍ നിന്ന് ഒഴിവാക്കിയാണ് സില്‍വര്‍ലൈന്‍ പാനല്‍ ചര്‍ച്ചയുടെ അന്തിമ പട്ടിക തയാറാക്കിയത്. ജോസഫ് സി. മാത്യുവിനു പകരം പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ആര്‍. ശ്രീധറിനെ ഉള്‍പ്പെടുത്തി. ജോസഫ് സി. മാത്യുവിനെ മാറ്റിയതിന്റെ കാരണം കെ റെയില്‍ അധികൃതര്‍ വെളിപ്പെടുത്തിയില്ല. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സല്‍ സജി ഗോപിനാഥിനെ തിരക്കുമൂലം നേരത്തേ മാറ്റിയിരുന്നു. ഇദ്ദേഹത്തിനു പകരം സാങ്കേതിക സര്‍വകലാശാല മുന്‍ വിസി ഡോ. കുഞ്ചെറിയ പി. ഐസക്കിനെ ഉള്‍പ്പെടുത്തി. 28ന് താജ് വിവാന്തയിലാണ് സംവാദം.

പദ്ധതിയെ രൂക്ഷമായി വിമര്‍ശിക്കുന്ന അലോക് വര്‍മ്മ, ആര്‍ വി ജി മേനോന്‍, ജോസഫ് സി മാത്യു എന്നിവരേയും അനുകൂലിക്കുന്ന മൂന്ന് വിദഗ്ധരേയും പങ്കെടുപ്പിച്ചാണ് സംവാദം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പാനലില്‍ നിന്ന് ജോസഫ് സി മാത്യുവിനെ മാറ്റി. പകരം പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണനെ പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയിലാണ് പരിപാടി നടത്തുക.

 

Exit mobile version