ശ്രീനിവാസന്‍ കൊലപാതകം; വെട്ടിയ ആളും വാഹനമോടിച്ചയാളും കസ്റ്റഡിയില്‍

 

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. പിടിയിലായ ഒരാള്‍ ശ്രീനിവാസനെ വെട്ടിയ ആളെന്നാണ് ലഭിക്കുന്ന സൂചന. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നേരിട്ട് ഉള്‍പ്പെടുകയും ശ്രീനിവാസനെ വെട്ടുകയും ചെയ്ത സംഘത്തിലെ ഒരാള്‍ അടക്കം രണ്ടുപേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് രണ്ടു പേരെ കൂടി പോലീസ് പിടികൂടുന്നത്. അതേ സമയം ശ്രീനിവാസന്‍ വധക്കേസിലും സുബൈര്‍ വധക്കേസിലും റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

ആറംഗ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട ഇക്ബാല്‍ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് പൊലീസ് ചെയ്തിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ ഓടിച്ച ആക്ടിവയും കണ്ടത്തി. കൊലയാളി സംഘത്തിന് അകമ്പടി പോയ മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു. അവശേഷിക്കുന്ന രണ്ട് ബൈക്കുകളിലുള്ളവരെയും അത് ഓടിച്ചിരുന്നവരെയും തിരിച്ചറിഞ്ഞതായാണ് സൂചന. പ്രതികളിലേക്ക് ഉടന്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം സംഘം.

അതിനിടെ ശ്രീനിവാസന്‍ കൊലപാകത്തില്‍ അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. കൊലയാളി സംഘത്തിന് ആയുധങ്ങള്‍ എത്തിച്ച KL 55 D4700 എന്ന രജിസ്ട്രേഷനിലുള്ള ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. പാലക്കാട് ബി.ജെ.പി. ഓഫീസിന് മുന്നിലൂടെ മൂന്ന് ബൈക്കുകള്‍ക്കൊപ്പം കാറും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സുബൈര്‍ വധത്തില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡും ഇന്ന് നടക്കും. ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്ന സാഹചര്യത്തില്‍ ജില്ലയില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് പരിശോധനയും തുടരുകയാണ്. കഴിഞ്ഞദിവസം പാലക്കാട് ജില്ലാ ഓഫീസും, തൃത്താല, ഞാങ്ങാട്ടിരി, ചാലിപ്പുറം, ആമയൂര്‍, ശങ്കരമംഗലം, കൊടലൂര്‍, കാരക്കാട് പാറപ്പുറം എന്നിവിടങ്ങളിലെ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധിച്ചിരുന്നു.

ഇന്നലെ പുറത്തുവന്ന സിസിടിവി ദൃശ്യത്തിലുള്ള കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കൊലപാതകം നടന്ന പകല്‍ 12.37ന് ഹരിക്കാര സ്ട്രീറ്റില്‍ മൂന്ന് ബൈക്കിനുപുറമെ ചുവന്ന സ്വിഫ്റ്റ് കാറും കടന്നുപോയതായി ദൃശ്യത്തില്‍ വ്യക്തമാണ്. ബിജെപി ഓഫീസിനുമുന്നിലൂടെ ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് അക്രമിസംഘം മേലാമുറിയില്‍ എത്തിയതെന്നാണ് പൊലീസ് നിഗമനം. കാര്‍ പട്ടാമ്പി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു.
8

Exit mobile version