ഫേസ്ബുക്ക് പോസ്റ്റ് വിവാദം; യു. പ്രതിഭ എം.എല്‍.എക്കെതിരെ പാര്‍ട്ടി നടപടിയെടുക്കില്ല; തെറ്റ് സമ്മതിച്ചതായി ജില്ലാ സെക്രട്ടറി

ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ കായംകുളം എം.എല്‍.എ യു. പ്രതിഭയ്‌ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കില്ല. യു. പ്രതിഭ തെറ്റ് സമ്മതിച്ചതായി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ വ്യക്തമാക്കി.

കായംകുളത്ത് തന്നെ തോല്‍പ്പിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിച്ചുവെന്നും അവരിപ്പോള്‍ പാര്‍ട്ടിയില്‍ സര്‍വ സമ്മതരായി നടക്കുകയാണെന്നുമായിരുന്നു ഫേസ്ബുക്ക് കുറിപ്പില്‍ പ്രതിഭ ആരോപിച്ചത്. പല മണ്ഡലങ്ങളിലും വോട്ട് ചോര്‍ച്ച പരിശോധിച്ചപ്പോഴും കായംകുളത്തിന്റെ കാര്യത്തില്‍ ഒരു പരിശോധനയും ഉണ്ടായില്ല. ബോധപൂര്‍വമായി തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വന്നത് ദുരൂഹമാണ്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയില്‍ സര്‍വസമ്മതരായി നടക്കുകയാണ് തുടങ്ങിയ ആരോപണങ്ങളായിരുന്നു ഫേസ്ബുക്ക് കുറിപ്പില്‍ പ്രതിഭ ആരോപിച്ചത്.

സംഭവം വിവാദമായതോടെ കായംകുളം അസംബ്ലി മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എവിടെയും ചര്‍ച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ യു. പ്രതിഭ എം.എല്‍.എ ഖേദം പ്രകടിപ്പിച്ചിരുന്നു. വ്യക്തിപരമായ മനോവിഷമത്തെ തുടര്‍ന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍ട്ടിക്ക് അപ്രിയമായ ഒരു പ്രവര്‍ത്തിയും ഇനി ഉണ്ടാവില്ല. കാരണങ്ങള്‍ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരില്‍ നിന്ന് ഉണ്ടായെന്നും അവര്‍ പറഞ്ഞിരുന്നു.

വിവാദമായ ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. പ്രതിഭയുടെ ആരോപണം വസ്തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു. യു. പ്രതിഭ തെറ്റ് സമ്മതിച്ച പശ്ചാത്തലത്തിലാണ് നടപടിയില്‍ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Exit mobile version