കോട്ടയം: കോട്ടയത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ തൊഴിലാളികള്‍ പണിമുടക്കില്‍. വേതനം കുറച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഡെലിവറി നിര്‍ത്തിവച്ചത്. സമരം ചെയ്താല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കമ്പനി അധികൃതർ നൽകുന്നതെന്ന് തൊഴിലാളികൾ പറയുന്നു . ഊബര്‍ ഈറ്റ്‌സ് സൊമാറ്റോ ഏറ്റെടുത്ത് ഏതാനും ആഴ്ചകൾക്കു ശേഷമാണ് തൊഴിലാളികൾ സമരം തുടങ്ങുന്നത്.
ഒരു വിഭവം ഉപഭോക്താവിനെത്തിക്കുമ്പോള്‍ ഊബര്‍ ഈസ്റ്റ് നാല്‍പ്പത് രൂപയാണ് വിതരണക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇത് സൊമാറ്റോ കുറച്ചെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഒരേ റൂട്ടില്‍ ഒന്നിലധികം ഡെലിവറികള്‍ ലഭിച്ചാലും മുന്‍പ് കിട്ടിയിരുന്ന വേതനം ഇപ്പോൾ ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു . ഇന്ധന ചെലവുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ നിലവിലെ രീതിയിൽ വിതരണത്തിനിറങ്ങുന്നത് തങ്ങൾക്കുള്ള ലാഭം കുറയ്ക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഏകദേശം അറുന്നൂറ് തൊഴിലാളികളാണ് കോട്ടയത്ത് നിലവില്‍ സൊമാറ്റേയ്ക്ക് കീഴിലുള്ളത്. വേതനം വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.