സില്‍വര്‍ ലൈന്‍; വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ വേദി, വിദഗ്ധരുമായി 28ന് ചര്‍ച്ച

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വിമര്‍ശകരെ കേള്‍ക്കാനും മറുപടി നല്‍കാനും സര്‍ക്കാര്‍ വേദി ഒരുങ്ങുന്നു. സില്‍വര്‍ ലൈനില്‍ സാങ്കേതിക സംശയം ഉന്നയിച്ചവരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 28 ന് തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുക. അലോക് വര്‍മ, ആര്‍വിജി മേനോന്‍, ജോസഫ് സി. മാത്യു എന്നിവരുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ധരും ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം, കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് ചര്‍ച്ചക്ക് ക്ഷണം ഇല്ല.

അതേസമയം സില്‍വര്‍ലൈന്‍ കല്ലിടലിനും ഇതിനെത്തുടര്‍ന്നുള്ള പൊലീസ് നടപടിക്കുമെതിരായ പ്രതിഷേധങ്ങള്‍ കടുക്കുന്നതിനിടെ ഇന്നും സര്‍വേ കല്ലിടല്‍ തുടരും. ഉദ്യോഗസ്ഥരെ ഇന്നും തടയാന്‍ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് വീണ്ടും കല്ലിടല്‍ നടപടികള്‍ ആരംഭിച്ചിരുന്നത്.

ഇന്നലെ തിരുവനന്തപുരത്തും കണ്ണൂരിലുമാണ് കല്ലിടല്‍ പുനരാരംഭിച്ചിരുന്നത്. രണ്ടിടത്തും കടുത്ത ജനകീയ പ്രതിഷേധങ്ങള്‍ രൂപപ്പെടുകയും കോണ്‍ഗ്രസ് സമരം കടുപ്പിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കണിയാപുരത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് ബൂട്ടിട്ട് ചവുട്ടിയ സംഭവം ഇന്നലെ വിവാദമായി.

സില്‍വര്‍ ലൈന്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടയുകയും പൊലീസ് സംഭവത്തില്‍ ഇടപെടുകയും ചെയ്തു. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനായ ഷബീര്‍ ബൂട്ടിട്ട് പ്രവര്‍ത്തകനെ ചവിട്ടിയത്. ഇത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ റൂറല്‍ എസ്പി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെ ഇന്ന് നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

 

Exit mobile version