പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയിലായി. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇതിനിടെ അക്രമികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ കണ്ടെത്തിയതായി സൂചന. ആയുധങ്ങള്‍ എത്തിച്ച ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് കണ്ടെത്തിയത്.
ശ്രീനിവാസന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കേസില്‍ നേരത്തെ നാല് പേര്‍ അറസ്റ്റിലായിരുന്നു. ഇവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും.
ശ്രീനിവാസനെ കൊലപ്പെടുത്താന്‍ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുന്‍പ് തന്നെ മേലാമുറിയില്‍ സഹായികളായി ചിലര്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങള്‍ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതും ഇവരായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട അന്നാണ് കൊലപാതകം പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് പുറകില്‍ ഇരുന്നാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത് എന്നും എഡിജിപി അറിയിച്ചു.