ഗുജറാത്ത് കോണ്‍ഗ്രസ് നേതാവും വഡ്ഗാം എംഎല്‍എയുമായ ജിഗ്‌നേഷ് മെവാനി അറസ്റ്റില്‍

ഗുജറാത്ത് കോണ്‍ഗ്രസ് നേതാവും വഡ്ഗാം എംഎല്‍എയുമായ ജിഗ്‌നേഷ് മെവാനി അറസ്റ്റില്‍. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് പാലന്‍പൂരിലെ സര്‍ക്യൂട്ട് ഹൗസില്‍ നിന്ന് അസം പൊലീസ് ജിഗ്‌നേഷ് മെവാനിയെ അറസ്റ്റ് ചെയ്തത്.

എന്നാല്‍, അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാന്‍ അസം പൊലീസ് തയ്യാറായിട്ടില്ല. അസമില്‍ മേവാനിക്ക് എതിരെ കേസുണ്ടെന്ന് മാത്രമാണ് പൊലീസ് അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏത് വകുപ്പാണ് ജിഗ്നേഷിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമല്ല.

അറസ്റ്റിന് പിന്നാലെ മേവാനിയെ പൊലീസ് അഹമ്മദാബാദിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ജിഗ്നേഷ് മേവാനിയെ ഗുവാഹത്തിയിലെത്തിക്കും എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അസമില്‍ അദ്ദേഹത്തിനെതിരെ ചില കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞതെന്നും വിശദാംശങ്ങള്‍ അറിയില്ലെന്നും മേവാനിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി നിലവില്‍ ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എംഎല്‍എ ആണ്. 2021 സെപ്തംബര്‍ 28 നാണ് ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

 

Exit mobile version