വിദ്യാര്‍ത്ഥിനിയോട് മോശം സമീപനമുണ്ടായെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയോട് ലൈംഗീകാതിക്രമം കാട്ടിയ കേസില്‍ ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. ഡ്രൈവറുടെ ഭാഗത്ത് നിന്ന് മോശമായ സമീപനം ഉണ്ടായെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. ഡ്രൈവര്‍ ഷാജഹാനെയാണ് സസ്പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസി എംഡിയാണ് സസ്പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്.

യാത്രക്കാരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തി കുറ്റകരമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ 17ന് പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസില്‍ വച്ചാണ് ഇയാള്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ് കൃഷ്ണഗിരിയില്‍ എത്തിയപ്പോള്‍ ജനല്‍ച്ചില്ല് നീക്കാനായി വിദ്യാര്‍ഥിനി ഡ്രൈവറുടെ സഹായം തേടി. ഈ സമയത്ത് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം.

ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനിക്കാണ് ദുരനുഭവമുണ്ടായത്. യുവതി ബംഗളൂരുവില്‍ എത്തിയതിന് ശേഷം ഇമെയിലിലാണ് പരാതി നല്‍കിയത്.

തുടര്‍ന്ന് ആരോപണം തള്ളി ഡ്രൈവര്‍ രംഗത്തു വന്നു. ‘നാലാം നമ്പര്‍ സീറ്റിലിരുന്ന പെണ്‍കുട്ടി ആറാം നമ്പര്‍ സീറ്റില്‍ വന്നിരുന്നു. പക്ഷേ ലേഡീസ് ക്വാട്ട ആയതിനാല്‍ ഞാനൊന്നും സംസാരിക്കാന്‍ പോയില്ല. കുറുവിലങ്ങാട് ആയപ്പോള്‍ ആറാം നമ്പര്‍ സീറ്റിലേക്കുള്ള വ്യക്തി വന്നു. ചോദിച്ചപ്പോള്‍ കാല്‍ നിവര്‍ത്തി വയ്ക്കേണ്ടതുകൊണ്ട് അവിടെ ഇരുന്നതാണെന്ന് പറഞ്ഞു. അങ്ങനെ ആ വ്യക്തി നാലാം നമ്പര്‍ സീറ്റിലേക്ക് പോയിരുന്നു. ബാക്കി 39 സീറ്റും ഫുള്‍ റിസര്‍വേഷനായിരുന്നു. പെണ്‍കുട്ടിയെ ഞാന്‍ അടുത്തിരിക്കാന്‍ വിളിച്ചുവെന്നാണ് പറയുന്നത്. എന്റെ അടുത്ത ആളുണ്ട്. അയാളുടെ മണ്ടയ്ക്ക് കയറി ഇരിക്കാന്‍ എനിക്ക് പറയാന്‍ പറ്റില്ലല്ലോ? കൃഷ്ണഗിരിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പറയുന്നത്. വെളുപ്പിന് 3 മണിക്ക് ഞാന്‍ വണ്ടിയോടിക്കുന്ന സമയമാണ്. എനിക്കും രണ്ട് പെണ്‍മക്കളുണ്ട്. ഓരോ വണ്ടിയിലും പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ എനിക്ക് എന്റെ മക്കള്‍ക്ക് തുല്യമാണ്’-ഡ്രൈവര്‍ പറഞ്ഞു.

Exit mobile version