സ്വന്തമായി കൊലയാളി സംഘമുള്ളത് ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍ക്കും സി.പി.എമ്മിനും; കൊലയാളി സംഘ നേതാക്കളെ ചോദ്യം ചെയ്യാന്‍ പിണറായിക്ക് മുട്ടുവിറയ്ക്കും; യു.ഡി.എഫ് വര്‍ഗീയതയുമായി സന്ധി ചെയ്യില്ലെന്ന് വിഡി സതീഷന്‍

ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് കാരണമെന്ന മന്ത്രി എം.വി ഗോവിന്ദന്റെ പ്രസ്താവന കലക്കവെള്ളത്തില്‍ മീന്‍പിടിക്കലാണ്. ഡി.വൈ.എഫ്.ഐ പ്രദേശിക നേതാവ് വിവാഹം കഴിച്ചപ്പോള്‍ മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസ് പറഞ്ഞതും ഇതു തന്നെയാണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടു കൂട്ടരും എതിരായി. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ക്കുകയെന്നതാണ് യു.ഡി.എഫ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍ പറഞ്ഞു. ഒരു കാരണവശാലും വര്‍ഗീയതയുമായി സന്ധിയില്ല. ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗീയ ശക്തികളുമായി തെരഞ്ഞെടുപ്പ് കാലത്ത് അവിഹിത ബന്ധം ഉണ്ടാക്കിയതിനാലാണ് സര്‍ക്കാരിന് കൊലയാളികള്‍ക്കെതിരെ ഇപ്പോള്‍ കാര്‍ക്കശ്യമുള്ള നിലപാടെടുക്കാന്‍ സാധിക്കാത്തതെന്നും വിഡി സതീഷന്‍ പറഞ്ഞു.

കേരളത്തില്‍ മൂന്ന് കൂട്ടര്‍ക്കാണ് സ്വന്തമായി തീറ്റിപ്പോറ്റുന്ന കൊലയാളി സംഘങ്ങളുള്ളത്. ഭൂരിപക്ഷ വര്‍ഗീയ വാദികള്‍ക്കും ന്യൂനപക്ഷ വര്‍ഗീയ വാദികള്‍ക്കും പിന്നെ സി.പി.എമ്മിനും. കേരളത്തിലെ പൊതുസമൂഹത്തില്‍ വര്‍ഗീയത കലര്‍ത്താതെ നോക്കേണ്ടത് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയും ഉത്തരവാദിത്തവുമാണ്. ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയവാദികളെ പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണം. രണ്ടു കൂട്ടരുമായും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഇവരുമായി സന്ധി ചെയ്ത് കേരളത്തെ തകര്‍ക്കാന്‍ യു.ഡി.എഫ് കൂട്ടുനില്‍ക്കില്ല.

കൊല്ലുമെന്നും വെള്ളപുതപ്പിച്ച് കിടത്തുമെന്നും പരസ്യമായി മുദ്രാവാക്യം വിളിച്ചിട്ടും പൊലീസിന് മനസിലാകുന്നില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ രാജവയ്ക്കുന്നതാണ് നല്ലത്. കുറ്റകൃത്യങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടാണോ ചെയ്യുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് പൊലീസിന് ഇന്റലിജന്‍സ് സംവിധാനം. വെള്ളപുതപ്പിച്ച് കിടത്തും എന്ന് മുദ്രാവാക്യം വിളിച്ചവരുടെ നേതാക്കളെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണ്. പുസ്തകം വായിച്ചതിന് രണ്ട് കുട്ടികളെ യു.എ.പി.എ പ്രകാരം കരുതല്‍ തടങ്കലില്‍ വച്ചിട്ടുണ്ടല്ലോ. കൊലയാളി സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ വിളിച്ച് ചോദ്യം ചെയ്യാന്‍ പിണറായി വിജയന്റെ മുട്ട് വിറയ്ക്കും.

ചോദ്യം ചെയ്താല്‍ തിരഞ്ഞെടുപ്പ് കാലത്തെ സംഭാഷണങ്ങള്‍ അവര്‍ വെളിപ്പെടുത്തും. ആര്‍.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും നേതൃത്വം അറിയാതെ ഈ കൊലപാതകങ്ങള്‍ നടക്കുമോ? ഏതെങ്കിലും ഒരു നേതാവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചോ? അതിനുള്ള ധൈര്യം ഈ സര്‍ക്കാരിനോ പൊലീസിനോ ഇല്ലെന്നും വിഡി സതീഷന്‍ പറഞ്ഞു.

Exit mobile version