ആദ്യം കൊലക്കത്തി താഴെ വെക്കട്ടെ, സര്‍വകക്ഷി യോഗം സമയത്ത് നടത്താം; സ്പീക്കര്‍ എം.ബി. രാജേഷ്

പാലക്കാട്ടെ രാഷ്ട്രീയ കൊലപാതങ്ങളെ അപലപിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. ഇതിനെ സാധാരണ രാഷ്ട്രീയ കൊലപാതകങ്ങളായിട്ടോ, ക്രമിനല്‍ അക്രമമായിട്ടോ കാണാനാവില്ലെന്നും കൊല്ലാനുള്ളവരുടെയും കൊലപാതികളുടെയും പട്ടിക നേരത്തെ തന്നെ തയ്യാറാക്കി വെച്ച തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്കേ ഇത് ചെയ്യാനാവൂ എന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘വിഷു ദിവസത്തിലാണ് ഒരാളെ കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം അടുത്ത കൊലപാതകവും നടന്നു. മുഖാമുഖം നില്‍ക്കുന്നത് രണ്ട് തീവ്രസ്വഭാവമുള്ള സംഘങ്ങളാണ് ഇതിന് പിന്നിലുള്ളത്. പൊലീസ് കൃത്യവും ശക്തവുമായ അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഇത് മാത്രം പോര, ഇത്തരം സംഘങ്ങളെ പൂര്‍ണമായും ഒറ്റപ്പെടുത്തണം.കേരളത്തെ പകുത്തെടുക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്’ എന്നും അദ്ദേഹം പറഞ്ഞു.

കൊല്ലുന്നവരുടെ ആരോപണങ്ങളെ മുഖവിലക്കെടുക്കേണ്ട. ചോര പുരണ്ട കൈകളോടെയാണ് ഇവര്‍ ആരോപണം ഉന്നയിക്കുന്നത്. ഇവര്‍ ആദ്യം കൊലക്കത്തി താഴെ വെക്കട്ടെ, സര്‍വകക്ഷി യോഗം സമയത്ത് നടത്താമെന്നും സ്പീക്കര്‍ പറഞ്ഞു.

 

Exit mobile version