പഞ്ചാബില്‍ 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍; ഡല്‍ഹി മോഡല്‍ കൂടുതല്‍ സൗജന്യ പദ്ധതികള്‍ പഞ്ചാബില്‍ നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

പഞ്ചാബില്‍ 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍. ജൂലൈ ഒന്ന് മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. അധികാരത്തിലേറി ഒരു മാസം തികയ്ക്കുമ്പോഴാണ് മുഖ്യ വാഗ്ദാനം ആം ആദ്മി സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്.

ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു മാസം പൂര്‍ത്തിയാക്കിയ വേളയിലാണ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയിരിക്കുന്നത്. സൗജന്യ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ ഇന്ന് വിശദീകരിക്കും. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളുമായി ഡല്‍ഹിയിലെത്തി മുഖ്യമന്ത്രി ഭഗവന്ത് മന്‍കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപനം.

പഞ്ചാബില്‍ നിലവില്‍ കാര്‍ഷിക മേഖലയ്ക്ക് വൈദ്യുതി സൗജന്യമാണ്. കൂടാതെ, പട്ടികജാതി, പിന്നാക്ക ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യമായി നല്‍കുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന പ്രചാരണ അജണ്ടയായിരുന്ന വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതി കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപനവും നടത്തിയിരിക്കുന്നത്. ഡല്‍ഹി മോഡല്‍ കൂടുതല്‍ സൗജന്യ പദ്ധതികള്‍ പഞ്ചാബില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വരാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഭരണ നേട്ടം ഉയര്‍ത്തിക്കാട്ടാനാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം.

 

Exit mobile version